IPL
ഹര്‍ഷ ഭോഗ്ലെക്കും മുന്‍ ന്യൂസിലാന്‍ഡ് താരത്തിനും വിലക്ക്, കമന്ററി പറയാനാകില്ല; കാരണം ഇത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 01:09 pm
Monday, 21st April 2025, 6:39 pm

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ഹര്‍ഷ ഭോഗ്ലെയും സൈമണ്‍ ഡൗളും കമന്ററി പറയരുതെന്നാവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്തെഴുതി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി.എ.ബി).

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു തരത്തിലുമുള്ള അഡ്വാന്റേജും ലഭിക്കാത്തതിനാല്‍ പിച്ച് ക്യൂറേറ്ററെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.എ.ബി നടപടിക്കൊരുങ്ങുന്നത്. റേവ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാം ക്വാളിഫയറും ഫൈനലിനും മുമ്പ് നാല് ലീഗ് ഘട്ട മത്സരങ്ങള്‍ക്ക് കൂടി ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മാനേജ്‌മെന്റും ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ സംതൃപ്തരല്ലെങ്കിലും സി.എ.ബി അവരുടെ പിച്ച് ക്യൂറേറ്ററായ സുജന്‍ മുഖര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്യൂറേറ്ററുടെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് സി.എ.ബി പറയുന്നത്.

“ആര്‍.ആര്‍, അവര്‍ സ്വന്തം തട്ടകത്തില്‍ കളിക്കുകയാണെങ്കില്‍, അവരുടെ ബൗളര്‍മാര്‍ക്ക് അനുയോജ്യമെന്ന് അവര്‍ കരുതുന്ന ട്രാക്കുകളായിരിക്കണം അവര്‍ക്ക് ലഭിക്കേണ്ടത്. കെ.കെ.ആറിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

കൊല്‍ക്കത്ത പിച്ച് ക്യൂറേറ്റര്‍ പറഞ്ഞ കാര്യം ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ കെ.കെ.ആര്‍ ക്യാമ്പിലുള്ള ആളാണെങ്കില്‍, അദ്ദേഹം പറഞ്ഞതില്‍ ഞാന്‍ ഒരിക്കലും തൃപ്തനല്ല, കാരണം ഞാന്‍ 120 പ്രതലം ആവശ്യപ്പെടുന്നില്ല. എന്റെ ബൗളര്‍മാര്‍ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന ഒരു പിച്ച് തരൂ എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്,’ ഭോഗ്ലെ ക്രിക്ക്ബസ്സില്‍ പറഞ്ഞു.

‘ക്ഷമിക്കണം, ഞങ്ങള്‍ അങ്ങനെ പിച്ചുകള്‍ തയ്യാറാക്കാറില്ല…’ എന്ന് പറയാന്‍ വേണ്ടി ഞങ്ങള്‍ നിങ്ങളോട് 120 പിച്ച് ഉണ്ടാക്കാനല്ല ആവശ്യപ്പെടുന്നത്, 240 പിച്ച് ഉണ്ടാക്കാനും ആവശ്യപ്പെടുന്നില്ല.

എന്നാല്‍ ഐ.പി.എല്‍ പോലുള്ള ഒരു ടൂര്‍ണമെന്റില്‍ ഹോം അഡ്വാന്റേജ് തികച്ചും നിയമാനുസൃതമാണെന്ന് ഞാന്‍ കരുതുന്നു. അത് ടൂര്‍ണമെന്റിനെ മെച്ചപ്പെടുത്തും, കാരണം എതിരാളികളുടെ തട്ടകത്തില്‍ ജയിക്കുന്നത് അപ്പോള്‍ നിര്‍ണായകമാകും,’ ഭോഗ്ലെ പറഞ്ഞു.

മുന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൗളും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

‘ഹോം ടീമിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നില്ലെങ്കില്‍… ഞാന്‍ ഉദ്ദേശിക്കുന്നത് അവര്‍ സ്റ്റേഡിയം ഫീസ് അടയ്ക്കുന്നുണ്ട്, എന്നാല്‍ ഹോം ടീമിന് എന്താണ് വേണ്ടതെന്ന് ക്യൂറേറ്റര്‍ ഇപ്പോഴും ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഫ്രാഞ്ചൈസിയെ മറ്റെവിടെയെങ്കിലും മാറ്റുക.

കളിയെക്കുറിച്ച് ഒരു അഭിപ്രായം പറയുകയല്ല അദ്ദേഹത്തിന്റെ ജോലി. അതിനല്ല അദ്ദേഹത്തിന് പണം നല്‍കുന്നത്,’ എന്നായിരുന്നു സൈമണ്‍ ഡൗള്‍ പറഞ്ഞത്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനൊരുങ്ങുകയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഈ മത്സരത്തിന്റെ കമന്ററി പാനലില്‍ സൈമണ്‍ ഡൗളോ ഹര്‍ഷ ഭോഗ്ലെയോ ഭാഗമല്ല.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത.

 

Content Highlight: The Cricket Association of Bengal has written to the BCCI, requesting that Harsha Bhogle and Simon Doull not commentate during IPL matches at Eden Gardens.