തന്റെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ അവതാരകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ പരിപാടികളെ പോലെ തന്നെ ബിഗ് സ്‌ക്രീനിലും മിഥുന്‍ സജീവമാണ്.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. വെട്ടത്തിലെ ഫെലിക്സ് എന്ന കഥാപാത്രവും റണ്‍വേയിലെ ജോണി എന്ന കഥാപാത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് മിഥുന്‍ രമേശ്. താന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെന്നും അദ്ദേഹത്തെ കാണാനും ഒപ്പം ഇരിക്കാനും സാധിച്ചിട്ടുണ്ടെന്നും മിഥുന്‍ പറയുന്നു.
എന്നാല്‍ താന്‍ മീറ്റ് ചെയ്തവരില്‍ തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അറിഞ്ഞാല്‍ വരുന്ന ആദ്യ കോള്‍ മമ്മൂട്ടിയുടേതാവുമെന്നും അത് താന്‍ നേരിട്ട് എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള കാര്യമാണെന്നും മിഥുന്‍ പറഞ്ഞു.
‘ഞാന്‍ സത്യത്തില്‍ വലിയ ഒരു മോഹന്‍ലാല്‍ ഫാനാണ്. ലാലേട്ടനെ മീറ്റ് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. നല്ല ഫ്രെണ്ട്ലിയായി അദ്ദേഹത്തിനൊപ്പം ഇരിക്കാനും പറ്റിയിട്ടുണ്ട്.
പക്ഷേ ഞാന്‍ മീറ്റ് ചെയ്തവരില്‍ നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അറിഞ്ഞാല്‍ വരുന്ന ആദ്യ കോള്‍ മമ്മൂക്കയുടേതാവും. അത് ഞാന്‍ നേരിട്ട് എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള കാര്യമാണ്.
മാത്രമല്ല വേറെ ആളുകളോട് അന്വേഷിക്കുന്നത് പോലും അദ്ദേഹമാകും. അത് മമ്മൂക്കയുടെ ഒരു ജനറല്‍ നേച്ചറാണ്. അദ്ദേഹം എല്ലാവരുടേയും ഒരു വല്യേട്ടനാണ്.
ആ ഒരു രീതിയില്‍ എനിക്ക് പലപ്പോഴും എക്സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്. അദ്ദേഹം അങ്ങനെ ചെയ്താലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ആരാധനയുണ്ടാവും. പക്ഷേ അത് ചെയ്യാന്‍ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് വളരെ വലുതാണ്,’ മിഥുന്‍ രമേശ് പറഞ്ഞു.
Content Highlight: Mithun Ramesh Talks About Mammootty And Mohanlal