IPL
കൊല്‍ക്കത്തയുടെ ലക്കി ചാം മടങ്ങിയെത്തി; ഇവനുള്ള എല്ലാ മത്സരത്തിലും ജയം, ഇല്ലാതിരുന്നപ്പോള്‍ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 02:27 pm
Monday, 21st April 2025, 7:57 pm

വിജയപാതയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ നിലവില്‍ എഴാം സ്ഥാനത്തുള്ള ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

സീസണിലെ എട്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നൈറ്റ് റൈഡേഴ്‌സ് നേരിടുന്നത്. പര്‍പ്പിള്‍ ആര്‍മിയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

നിര്‍ണായക മാറ്റങ്ങളോടെയാണ് കൊല്‍ക്കത്ത എട്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന് പകരം അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് പ്ലെയിങ് ഇലവനില്‍ ഇടം നേടിയപ്പോള്‍ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടീമിലേക്ക് മടങ്ങിയെത്തി.

മോയിന്‍ അലിയുടെ ഇന്‍ക്ലൂഷന്‍ തന്നെയാണ് കൊല്‍ക്കത്ത ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ച മൂന്ന് മത്സരത്തിലും മോയിന്‍ അലി ടീമിന്റെ ഭാഗമായിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണവും.

രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയാണ് നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത പരാജയപ്പെട്ട നാല് മത്സരത്തിലും ടീമിന് മോയിന്‍ അലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

ഇപ്പോള്‍ കരുത്തരായ ടൈറ്റന്‍സിനെതിരെ മോയിന്‍ അലി ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയുടെ ലക്കി ചാമിന്റെ സാന്നിധ്യം മത്സരത്തില്‍ നിര്‍ണായകമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, മത്സരം ആദ്യ നാല് ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാകതെ 26 റണ്‍സ് എന്ന നിലയിലാണ് ടൈറ്റന്‍സ്. 13 പന്തില്‍ 16 റണ്‍സുമായി സായ് സുദര്‍ശനും 11 പന്തില്‍ ആറ് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രിസില്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, മോയിന്‍ അലി, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: IPL 2025: KKR vs GT: Moeen Ali returns to Kolkata Knight Riders’ playing eleven