സൗമിത്ര ചാറ്റര്‍ജിയെ മോഹന്‍ലാലിനോട് തുല്യപ്പെടുത്തുന്നത് എന്തൊരു തരം അനാദരവാണ്
FB Notification
സൗമിത്ര ചാറ്റര്‍ജിയെ മോഹന്‍ലാലിനോട് തുല്യപ്പെടുത്തുന്നത് എന്തൊരു തരം അനാദരവാണ്
ശ്രീജിത്ത് ദിവാകരന്‍
Monday, 16th November 2020, 12:27 pm

എണ്‍പത് വയസിലേറെ ജീവിച്ചു. അതില്‍ അറുപത് വര്‍ഷത്തോളം അഭിനേതാവായി അറിയപ്പെട്ടു. സൂപ്പര്‍ സ്റ്റാറായിരുന്നു. പക്ഷേ അതിനപ്പുറത്ത് ആര്‍ട്ടിസ്റ്റായിരുന്നു. വഴിയിലിറങ്ങി സമരം ചെയ്തു. ഒരു പുരസ്‌കാരത്തിനും വേണ്ടി ഒരു നിലപാടും മയപ്പെടുത്തിയിട്ടില്ല. ഒരു ഏകാധിപതിയേയും വാഴ്ത്തിയിട്ടില്ല. ഒരു അനീതിയേയും ന്യായീകരിച്ചിട്ടില്ല. ദേശീയത അടക്കുമുള്ള അത്യുക്തികളിലും പരിമിത ഭാവനകളിലും അഭിരമിച്ചിട്ടില്ല. നാടകവും ഷോര്‍ട്ഫിലിമും എന്ന് വേണ്ട ഏത് മാധ്യമങ്ങളിലും അഭിനേതാവായി.

കുറസോവയ്ക്ക് തോഷിറ മൈഫ്യൂണെന്ന പോലെ സത്യജിത് റേയ്ക്ക് കൂട്ടു നിന്നു. 1959-ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ചുവെങ്കില്‍ 1958 മുതല്‍ നാടകത്തിലുണ്ട്. സാംസ്‌കാരിക ജീവിതം എന്തെന്നുള്ളതിന്റെ സാക്ഷ്യമായിരുന്നു. എന്നിട്ടും മരിക്കുമ്പോള്‍ മോഹന്‍ലാലിനെ പോലുള്ള ഒരു നടനായിരുന്നുവെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്. അതും ബംഗാളി സിനിമയെ ഈ പറഞ്ഞ ആറുപതിറ്റാണ്ടില്‍ ചുരുങ്ങിയത് അഞ്ച് പതിറ്റാണ്ടെങ്കിലും അടുത്ത് നിന്ന് കണ്ട കേരളം പോലൊരു ദേശത്ത്. എന്തൊരു തരം ഒഡാസിറ്റിയാണ്.

സത്യജിത് റേയുടെ അപു ത്രയത്തിലെ അവസാന ചിത്രമായ അപുര്‍ സര്‍സാറിലെ മുതിര്‍ന്ന അപു എന്നത് മാത്രമല്ല, അക്കാലം മുതല്‍ ഒരു മൂന്ന് പതിറ്റാണ്ട് സത്യജിത് റേയുടെ പ്രിയ നടന്‍ എന്നത് മാത്രമല്ല, സൗമിത്ര ചാറ്റര്‍ജി എന്ന പ്രതിഭയുടെ അടയാളം. (പക്ഷേ റേയുടെ മൈഫ്യൂണ്‍ എന്ന് ചുമ്മാ പറയുന്നതല്ല, 29 റേ ചിത്രങ്ങളില്‍ 14-ലും സൗമിത്രയുണ്ടായിരുന്നു) കവിയും എഴുത്തുകാരനും നാടകകൃത്തും പത്രാധിപരും ചിത്രകാരനുമായിരുന്നു. രവീന്ദ്രനാഥിന്റേയും ജീവനന്ദദാസിന്റേയും കവിതകള്‍ ചൊല്ലിയവതരിപ്പിച്ചിരുന്നു.

സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. മൂര്‍ച്ചയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. സഹസൂപ്പര്‍താരങ്ങള്‍ ചില്ലുമേടകളില്‍ വാണിരുന്നവര്‍ മാത്രമാണ് എന്ന് ബോധ്യമുണ്ടായിരുന്നു. സിനിമയിലും നാടകത്തിലും ടെലിഫിലിമിലും സീരിയിലുകളിലും എന്ന് വേണ്ട, ചെറുതും വലുതുമായ എല്ലായിടത്തും സൗമിത്ര ചാറ്റര്‍ജി ഉണ്ടായിരുന്നു.

ഭദ്രലോക് പാരമ്പര്യത്തില്‍ പെടുന്നയാളാണ് എന്ന് വിളിച്ചോളൂ. അതാണ്, മറ്റ് പല അപ്പര്‍ കാസ്റ്റ് ബംഗാളി കള്‍ച്ചറല്‍ കഥാപാത്രങ്ങളേയും പോലെ. പക്ഷേ നിങ്ങളുടെ അപ്പര്‍ കാസ്റ്റ് രാഷ്ട്രീയം മാത്രമുള്ള സൂപ്പര്‍ താരങ്ങളുമായി, താരതമ്യപ്പെടുത്തരുത്. മാര്‍ക്സിനേയും ലെനിനേയും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ആളാണ്.

സൂപ്പര്‍താരങ്ങളുടെ വസതികളിലല്ല, സര്‍ക്കാര്‍ ക്വാര്‍ട്ടറുകളുള്ള പ്രദേശങ്ങളിലാണ് ജീവിച്ചത്. അവിടെ എല്ലാക്കാലത്തും സുഹൃത്തുക്കളേയും നാടക-സിനിമ ബന്ധുക്കളേയും കുറച്ചൊക്കെ പരസ്യമായി തന്നെ കണ്ടുപോന്നു. ഹോക്കി പ്ലേയറായിരുന്നു. ഇടത് രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. സവര്‍ണ ഫാഷിസത്തിന്റെ കഠിനമായ എതിരാളിയിരുന്നു. സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരെ പ്രതിഷേധ അണിയായിരുന്നു.

 

ആത്യന്തികമായി, കോവിഡ് വന്ന് ക്ഷീണിതമാകുന്നത് വരെ സ്‌ക്രീനിനും സ്റ്റേജിനും ഒപ്പം ജീവിച്ചിരുന്ന നടനായിരുന്നു. അതായിരുന്നു, സൗമിത്ര ചാറ്റര്‍ജി. ഒരാളുമായും താരതമ്യപ്പെടുത്തരുത്, ഒരു തരത്തിലും. അപമാനിക്കരുത്, ആദരിക്കുകയാണ് എന്ന ഭാവത്തില്‍.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Soumitra Chatterjee should never be equalized with Mohanlal, Sreejith Divakaran explains why

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.