സുഡാനിക്കും കുമ്പളങ്ങിക്കും ശേഷം ഒരിക്കല്‍ കൂടെ സൗബിന്‍ ഹൃദയം കീഴടക്കുകയാണ്
Movie Day
സുഡാനിക്കും കുമ്പളങ്ങിക്കും ശേഷം ഒരിക്കല്‍ കൂടെ സൗബിന്‍ ഹൃദയം കീഴടക്കുകയാണ്
സനൽ കുമാർ പത്മനാഭൻ
Wednesday, 28th February 2024, 12:26 pm

മഞ്ഞുമ്മല്‍ ബോയ്‌സ് രണ്ടാം തവണയും കണ്ടിറങ്ങി കഴിഞ്ഞപ്പോഴും മനസും ചേതനകളും അതിലെ സൗബിന്‍ അവതരിപ്പിച്ച കുട്ടേട്ടന് ചുറ്റുമായിരുന്നു.

ഒരു പക്ഷെ ഇന്നും ബാല്യത്തിന്റെ ആഘോഷത്തിമിര്‍പ്പുകളുടെ ഓര്‍മകളില്‍ ജീവിക്കുന്നത് കൊണ്ടാകാം കുട്ടേട്ടന്‍ അത്രമേല്‍ പ്രിയപ്പെട്ടതായിപോയതും.

90കളുടെ തുടക്കത്തില്‍ ബാല്യം ആസ്വദിച്ച നാട്ടുമ്പുറത്തുകാരില്‍ ആര്‍ക്കാണ് പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ കുട്ടേട്ടനെ തങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നു പറയുവാനാകുക.

റബ്ബര്‍ ചെരിപ്പ് വട്ടത്തില്‍ വെട്ടി ടയര്‍ ആക്കി വണ്ടി ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ എത്ര ശ്രമിച്ചിട്ടും വട്ടത്തില്‍ ഷെയ്പ്പില്‍ മുറിക്കാനാകാതെ നിന്നപ്പോള്‍ ‘നീ എന്താ ഈ കാണിക്കുന്നെ ഇങ്ങട് താ’ എന്നും പറഞ്ഞത് വാങ്ങി വൃത്തിക്ക് വെട്ടി തന്ന കുട്ടേട്ടന്‍.

വള്ളി ചെറുപ്പിന്റെ ‘വാര്‍ ‘പൊട്ടി പോയി , അതിടുവാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പറ്റാതെ വന്നപ്പോള്‍ ‘ഒരു സൂത്രം കാണിച്ചു തരാം ‘എന്നും പറഞ്ഞു ആ ചെരിപ്പ് വാങ്ങി അതിന്റെ വാര്‍ തന്റെ ഷര്‍ട്ടിന്റെ തുമ്പില്‍ കോര്‍ത്തു വലിച്ചു കൂള്‍ ആയി ഇട്ടു കൊണ്ടു നിറ ചിരിയോടെ നിന്ന കുട്ടേട്ടന്‍.

കിളി കുഞ്ഞിനെ പിടിക്കുവാനായി ‘പൊത്ത് ‘കാണുന്ന മരത്തിലെല്ലാം വലിഞ്ഞു കയറി ആ പൊത്തില്‍ കയ്യിടുന്നത് കണ്ടു ‘ ഡാ അങ്ങനെ എല്ലാ പൊത്തിലും കയ്യിടരുത് അതില്‍ വല്ല പാമ്പും ഉണ്ടേല്‍ എന്ത് ചെയ്യും ? നിന്റെ വീട്ടുകാരോടൊക്കെ ഞാന്‍ എന്ത് സമാധാനം പറയും ‘ എന്ന് പറഞ്ഞു കണ്ണു പൊട്ടുന്ന ചീത്ത പറഞ്ഞിരുന്ന കുട്ടേട്ടന്‍.

അമ്പലക്കുളത്തിലും തോട്ടിലു മെല്ലാം കയ്യില്‍ കിടത്തി കയ്യും കാലുമിട്ടു അടിപ്പിക്കാന്‍ പഠിപ്പിച്ച ശേഷം ‘ഇങ്ങനെ പതിയെ കൈകാല്‍ ഇട്ടടിച്ചു പതുക്കെ നീന്തിക്കോ ഞാന്‍ പുറകെ വന്നോളാം ‘എന്നും പറഞ്ഞു വെള്ളത്തില്‍ ഇറങ്ങാന്‍ ധൈര്യം തന്നിരുന്ന കുട്ടേട്ടന്‍.

ക്രിക്കറ്റ് കളിക്കുമ്പോള്‍ കീപ്പര്‍ ആയി നിന്ന് കൊണ്ട് ബാറ്റ് ചെയ്യുന്നവര്‍ക്ക് സ്വന്തം ടീമെന്നോ എതിര്‍ ടീമെന്നോ വ്യത്യാസമില്ലാതെ ബാറ്റിങ് ടിപ്പുകള്‍ പറഞ്ഞു കൊടുത്തിരുന്ന കുട്ടേട്ടന്‍.

ഓണത്തിനും വിഷുവിനുമെല്ലാം ഞങ്ങളെ കൂട്ടി തീയറ്ററില്‍ പോയി ഞങ്ങളോട് വാതില്‍ക്കല്‍ നിന്നോളൂ ഞാന്‍ ടിക്കറ്റ് എടുത്തിട്ട് വരാം എന്നും പറഞ്ഞു ടിക്കറ്റിനുള്ള നീണ്ട നിരയുടെ മുന്നിലേക്ക് ഇടിച്ചു കുത്തി കയറുന്ന കുട്ടേട്ടന്‍.

ഇങ്ങനെ കുട്ടിക്കാലത്തൊരു ഗാങ്ങും അതില്‍ കുട്ടേട്ടന്‍ എന്നൊരു നായകനും ഉണ്ടായിരുന്ന 90 കളിലെ ‘കുട്ടി’കള്‍ക്ക് എങ്ങനെയാണ് പടം കഴിഞ്ഞാലും കുട്ടേട്ടനില്‍ നിന്നും അത്ര എളുപ്പം ഇറങ്ങി പോരാനാകുക ….??

മുരുകന്‍ കാട്ടാകടയുടെ രക്ത സാക്ഷിയിലെ വരികള്‍ ആണ് ഓര്‍മ വരുന്നത്.
‘ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍..
ഒരിടത്തവന്നു ഭഗത് സിങ് പേര്‍…
ഒരിടത്തവന്‍ യേശു ദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍ …
ആയിരം പേരാണവന്നു ചരിത്രത്തിലായിരം നാവവനെക്കാലവും…’

രക്തസാക്ഷിക്ക് മാത്രമല്ല ഒരു തലമുറക്കാകെ താങ്ങും തണലുമായി നിന്നിരുന്ന അവരുടെ ഹീറോ കുട്ടേട്ടനും ആയിരം പേരായിരുന്നു ചരിത്രത്തില്‍.

സിനിമയില്‍ ഗുഹക്കുള്ളിലേക്ക് വീണ സുഭാഷ് വിളിച്ചു കരഞ്ഞതും ‘എന്റെ കുട്ടേട്ടാ.. ‘എന്നായതും ഒടുവില്‍ മുകളില്‍ നിന്നൊരു വെളിച്ചം പോലെ അവനെ തേടി വന്നതും അവന്റെ കുട്ടേട്ടന്‍ ആയതും തികച്ചും യാദൃശ്ചികം ആകാം.

സുഡാനിക്കും , കുമ്പളങ്ങിക്കും ശേഷം ഒരിക്കല്‍ കൂടെ സൗബിന്‍ ഹൃദയം കീഴടക്കുകയാണ് …

Content Highlight: Soubin Shahir Character on Manjummal Boys a writeup