വിവാദപരസ്യം: ദേശാഭിമാനിക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ.എം
Kerala
വിവാദപരസ്യം: ദേശാഭിമാനിക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2013, 2:00 pm

[]തിരുവന്തപുരം: പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന ദിവസം വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യം പത്രത്തില്‍ കൊടുത്തതില്‍ ദേശാഭിമാനിയ്ക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് പത്രത്തില്‍ പരസ്യം വന്നത് തെറ്റായ ധാരണ പരത്താനിടയാക്കിയെന്നും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

പ്ലീന ദിനം പരസ്യം പത്രത്തില്‍ വരാന്‍ പാടില്ലായിരുന്നു. വിവാദമുണ്ടാക്കാന്‍ ഉദ്ദേശ്യച്ചാണ് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പ പരസ്യം നല്‍കിയത്. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞില്ല.

പരസ്യം നല്‍കിയതില്‍ ദേശാഭിമാനിക്ക് ജാഗ്രതക്കുറവുണ്ടായി. ഇക്കാര്യത്തില്‍ ദേശാഭിമാനിയുടെ പരസ്യ വിഭാഗത്തിന് വീഴ്ച പറ്റി. വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ അവസരം ശരിയായി ഉപയോഗിക്കാന്‍ ഇത് കാരണമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

അതേ സമയം സംഭവത്തെ ന്യായികരിച്ച് സംസാരിച്ച ദേശാഭിമാനിയുടെ ജനറല്‍ മാനേജരായ ഇ.പി ജയരാജനടക്കമുള്ള ആര്‍ക്കെതിരെയും സെക്രട്ടറിയേറ്റില്‍ പേരെടുത്ത് വിമര്‍ശനമില്ല.

സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനായി പാലക്കാട് വിളിച്ച് ചേര്‍ത്ത സി.പി.ഐ.എം പാര്‍ട്ടി പ്ലീനത്തിന്റെ മൂന്നാം ദിവസമാണ് പാര്‍ട്ടി പത്രത്തില്‍ വിവാദ വ്യവസായിയായ ചാക്ക്‌ രാധാകൃഷണന്റെ ഉടമസ്ഥതതയിലുള്ള സൂര്യാ ഗ്രൂപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്.

പ്ലീനത്തിന് ആശംസയര്‍പ്പിച്ച് കൊണ്ട് രാധാകൃഷ്ണന്റെ ഫോട്ടോ വച്ചുളള പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജിലായിരുന്നു വന്നത്. ഇത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി പ്ലീനത്തിന്റെ ഉദ്ദേശ്യ ശുദ്ധയില്‍ നിന്നുള്ള വ്യതി ചലനമായി സംഭവത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.