ദല്‍ഹി പറയുന്നത്...
News of the day
ദല്‍ഹി പറയുന്നത്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2013, 4:22 pm

red-line
ഇന്ത്യയെ കട്ടുമുടിച്ച സോണിയാഗാന്ധിയേയും കുടുംബത്തെയും ആ കൂട്ടത്തെയും നിയമത്തിന്റെ മുന്നിലെത്തിക്കുകയും വിചാരണ ചെയ്യുകയും ചെയ്യാമെന്നൊരു മുദ്രാവാക്യം ഉയര്‍ത്തപ്പെടുകയാണെങ്കില്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനത ഏറ്റവും ഹൃദ്യമായി ആ മുദ്രാവാക്യത്തെ ഏറ്റുവാങ്ങിയേക്കാം…

red-line

ഒന്ന്.

ഇന്ത്യന്‍ ജനതയെ കട്ടുമുടിക്കുന്നഅവസ്ഥയെ ഇതുവരെ അവര്‍ സഹിച്ചത് അത് ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇന്ത്യയില്‍ ഇല്ലാതിരുന്നതിനാലാണു. എപ്പോഴൊക്കെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യക്കാരന്‍ അതിനൊപ്പം നിന്നിട്ടുണ്ട്.
എന്നാല്‍ അതിനുള്ള സാധ്യതയില്‍ നിന്നും മനപ്പൂര്‍വ്വം പ്രധാന രാഷ്ട്രിയ കക്ഷികള്‍ അകന്നു നില്‍ക്കുകയായിരുന്നു. ജനങ്ങള്‍ക്ക് അത്തരമൊരു അവസരം നല്‍കിയാല്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന തിരിച്ചടികളെക്കുറിച്ച് അവര്‍ ഭീതിയിലായിരുന്നു.

ഇടതുപക്ഷത്തിനു എന്താണു അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്താന്‍ കഴിയാതെ പോവുന്നത്…?

അധികാരി വര്‍ഗ്ഗത്തെ ചോദ്യം ചെയ്ത് അധികാരത്തിലേക്ക് എത്തിച്ചേര്‍ന്നവരും വളരെ വേഗത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. ഇനി ഇന്ത്യയില്‍ ഒന്നും പ്രതീക്ഷിക്കാനില്ല എന്ന അവസ്ഥയിലായിരുന്നു ഇന്ത്യന്‍ ജനത.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ നയിച്ച യുദ്ധം ധീരമായിരുന്നു. എന്നാല്‍ അത് എത്രമാത്രം രാഷ്ട്രീയബോധത്തോടെയാണെന്നത് വരും ദിവസങ്ങളില്‍ വിലയിരുത്തപ്പെടും. ധൂര്‍ത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍ രൂപമായ ഷീലാ ദീക്ഷിതിനെ നേരിട്ട് തകര്‍ത്തുകൊണ്ടുള്ള വരവ് കെജരിവാളിനു ഇന്ത്യന്‍ മനസ്സുകളില്‍ വലിയൊരു സ്ഥാനമാണു നേടിക്കൊടുത്തിരിക്കുന്നത്.

ഇതിലൂടെ ജനങ്ങള്‍ സത്യസന്ധമായി പറയുന്ന ഒരു കാര്യമുണ്ട്.. നിങ്ങള്‍, നേതാക്കള്‍ സത്യസന്ധരാവൂ…. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.. നിങ്ങളുടെ എതിരാളികളെ എന്തിനാണു ഭയപ്പെടുന്നത്…? അവര്‍ നിങ്ങളുടെ എതിരാളികളല്ല… അവര്‍ ഞങ്ങളുടെ ശത്രുക്കളാണു.. ഞങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കാം ഞങ്ങളുടെ ശത്രുക്കളെ…!

 

രണ്ട്..

നരേന്ദ്രമോഡിയെ നേരിടാന്‍ കോണ്‍ഗ്രസ് അശക്തമാണ്. ഇത്രയും കാലം അവര്‍ അരാഷ്ട്രീയവാദിയായ ഒരു പ്രധാനമന്ത്രിയെ ചുമന്നതിനുള്ള ഫലമാണു അവര്‍ക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും രാഷ്ട്രീയം കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കാന്‍ സാധ്യമല്ല. അവര്‍ തങ്ങളെ പുകഴ്ത്തുന്ന ഉപജാപസംഘങ്ങളുടെ ഇടയിലാവും.

ബി.ജെ.പിയുടെ വരവിനെ പ്രതിരോധിക്കുന്നത് ഇവിടെ കോണ്‍ഗ്രസോ ഇടതുപക്ഷമോ അല്ല… പ്രബുദ്ധരായ കേരള ജനത തന്നെയാണു…!

ജനരോഷത്തില്‍ എല്ലാം തച്ചു തകര്‍ത്തു തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞു വീഴുമ്പോഴേ അവര്‍ കാര്യങ്ങള്‍ തിരിച്ചറിയൂ…

ഇന്ത്യയെ കട്ടുമുടിച്ച സോണിയാഗാന്ധിയേയും കുടുംബത്തെയും ആ കൂട്ടത്തെയും നിയമത്തിന്റെ മുന്നിലെത്തിക്കുകയും വിചാരണ ചെയ്യുകയും ചെയ്യാമെന്നൊരു മുദ്രാവാക്യം ഉയര്‍ത്തപ്പെടുകയാണെങ്കില്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനത ഏറ്റവും ഹൃദ്യമായി ആ മുദ്രാവാക്യത്തെ ഏറ്റുവാങ്ങിയേക്കാം…

ആര്‍ക്കാണതിനു ചങ്കുറപ്പ്…? തങ്ങളില്‍ കള്ളന്മാര്‍ ഇല്ലെന്ന് ബോധ്യമുള്ളവര്‍ക്ക് മാത്രം ഉന്നയിക്കാന്‍ കഴിയുന്ന ചോദ്യമാണത്…

ഇടതുപക്ഷത്തിനു എന്താണു അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്താന്‍ കഴിയാതെ പോവുന്നത്…? അഴിമതിയില്‍ നിന്നും അകന്നു നില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയെന്ന് മേനി നടിക്കുമ്പോഴും ഇന്ത്യന്‍ ഭരണാധികാരികളുടെ അഴിമതിയെ നിശിതമായി വിമര്‍ശിക്കാന്‍ എന്താണവര്‍ ഭയപ്പെടുന്നത്…?

 

മൂന്ന്…

കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതില്‍ ബി.ജെ.പി ആഹ്ലാദിക്കുന്നില്ല…! കെജരിവാളിന്റെ വിജയം ആഘോഷിക്കപ്പെടുന്നത് കണ്ട് അവര്‍ ഞെട്ടലിലാണ്. ബി.ജെ.പിയില്‍ നിന്നും ഏറ്റ കനത്ത പരാജയത്തെക്കാള്‍ കോണ്‍ഗ്രസുകാരെ ആകുലപ്പെടുത്തുന്നത് കെജരിവാളും കൂട്ടരും നേടിയ വിജയമാണ്.

ഇന്ത്യന്‍ മനസ്സ് എങ്ങോട്ടെന്ന ചിന്തയിലാണു രണ്ട് പാര്‍ട്ടികളും. കുറേക്കാലമായി ഒന്നും ചിന്തിക്കാത്തതിനാല്‍ ഇടതുപക്ഷം സുഖകരമായ നിദ്രയിലും.

വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യയില്‍ മുഴുവന്‍ തങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാകുമെന്ന് അവര്‍ തിരിച്ചറിയുന്നു.. തങ്ങള്‍ രണ്ടു പക്ഷവും ഒരേ നയങ്ങള്‍ കൊണ്ടു നടക്കുന്നവരും ഒരുപോലെ ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നവരുമെന്നും ആരെക്കാളും അവര്‍ക്ക് ബോധ്യമുണ്ട്.. ആ ബോധ്യമാണു അവരെ നടുക്കുന്നത്..

ജനകീയമായ ചോദ്യം ചെയ്യലുകളെ ഭയപ്പെടാതിരിക്കാന്‍ ആവില്ല…!

 

മുറിക്കഷ്ണം..

കേരളത്തില്‍ എന്താവും സംഭവിക്കുക… ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളാല്‍ വെറുക്കപ്പെട്ട് നില്‍ക്കുന്ന ഒരു അവസ്ഥയാണു കേരളത്തില്‍. കേരള ജനത ബി.ജെ.പിയെ പരീക്ഷിക്കാതിരിക്കാന്‍ ഒരു കാരണം അവരെ കേരളം പോലെ തിരിച്ചറിഞ്ഞ ഒരു ജനതയില്ല എന്നതിനാലാണ്. ബി.ജെ.പിയുടെ വരവിനെ പ്രതിരോധിക്കുന്നത് ഇവിടെ കോണ്‍ഗ്രസോ ഇടതുപക്ഷമോ അല്ല….

പ്രബുദ്ധരായ കേരള ജനത തന്നെയാണു…!

ജനകീയ സമരങ്ങളിലൂടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തുറന്നു കാണിച്ചുകൊണ്ട് അഴിമതിക്കും സ്വജനപക്ഷപാതത്തിനും മതപ്രീണനത്തിനുമെതിരെ ശബ്ദിച്ചുകൊണ്ട്.. ഉന്നതമായ മൂല്യബോധം ഉയര്‍ത്തി സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെയും വാക്കുകളിലൂടെയും ഇവിടെ ഒരു പക്ഷം ഉണ്ടായാല്‍…. ഒരു രാഷ്ട്രിയം ഉണ്ടായാല്‍ ജനം അവരെ സ്വീകരിക്കും…

പക്ഷെ, അതിനാര്‍ക്കു കഴിയും എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണു കേരളീയന്റെ ദുരിതവും ദുരന്തവും…!

 

സൂചിമുന..

ആലിന്‍ കായ് പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണായാല്‍… !
PREVIOUS-SOOCHIMUNAS