തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് അടുപ്പ് കൂട്ടാന്‍ ഉപയോഗിച്ച ഇഷ്ടികകള്‍ പൊട്ടിക്കണമെന്ന സംഘി പ്രൊഫൈലുകളുടെ സോഷ്യല്‍ മീഡിയാ ആഹ്വാനം ഏറ്റെടുത്ത് ചില ഭക്തര്‍. പൊങ്കാല ഇഷ്ടികകള്‍ പൊട്ടിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൊങ്കാലക്ക് അടുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന ഇഷ്ടികകള്‍ ലൈഫ് പദ്ധതിക്ക് വീട് വെക്കാന്‍ ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘി പ്രൊഫൈലുകള്‍ ഇഷ്ടിക പൊട്ടിക്കാനുള്ള ക്യാമ്പയിന്‍ നടത്തിയത്. ഇഷ്ടികകള്‍ ലൈഫ് പദ്ധതിക്ക് വീട് വെക്കാന്‍ ഉപയോഗിക്കുമെന്ന് മേയര്‍ പറയുന്ന വാര്‍ത്തകള്‍ക്ക് താഴെ കമന്റുകളായിട്ടായിരുന്നു ഇത്തരം പ്രചരണങ്ങള്‍ ആദ്യം വന്നിരുന്നത്.
ഇഷ്ടിക ഭക്തരുടെ വീട്ടില്‍ കൊണ്ടുപോകുക, ഇഷ്ടിക രണ്ടും മൂന്നും കഷണമായി പൊട്ടിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ആഹ്വാനം. ഇത് ഏറ്റെടുത്താണ് ചിലര്‍ ഇഷ്ടിക പൊട്ടിച്ചത്. അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളിലുള്ള ഇഷ്ടികകള്‍ അടുപ്പ് കൂട്ടാന്‍ വേണ്ടി തന്നെ പൊട്ടിച്ചതാണെന്നുള്ള മറുവാദവും സമൂഹ മാധ്യമങ്ങളിലുണ്ട്.
2018ല്‍ വി.കെ. പ്രശാന്ത് മേയറായിരുന്നപ്പോള്‍ മുതലാണ് കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ഇഷ്ടികകള്‍ ശേഖരിച്ചിരുന്നത്. ആ വര്‍ഷം എട്ടിലധികം വീടുകളുടെ പൂര്‍ത്തീകരണത്തിന് ഈ ഇഷ്ടികകളാണ് ഉപയോഗിച്ചിരുന്നത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2019ലും ആറ് വീടുകളുടെ നിര്‍മാണത്തിന് പൊങ്കാല ഇഷ്ടിക കോര്‍പ്പറേഷന്‍ നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ വിജയമായ പദ്ധതി കൊവിഡ് ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്ന പ്രഖ്യാപനമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ നടത്തിയിരുന്നത്. ലൈഫ് മിഷന്‍ പാലെയുള്ള ഭവന പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്ന് നിര്‍ധനരായവരെ കണ്ടെത്തി ഇഷ്ടിക നല്‍കുമെന്നാണ് മേയര്‍ പറഞ്ഞിരുന്നത്.
പാളയം, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, ജി.പി.ഒ ജങ്ഷന്‍, ആറ്റുകാല്‍, മണക്കാട്, യൂണിവേഴ്സിറ്റി കോളേജ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇഷ്ടിക ശേഖരിച്ച് പ്രത്യേകയിടത്തേക്ക് മാറ്റാനായിരുന്നു കോര്‍പ്പറേഷന്റെ തീരുമാനം. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നത്.