തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോള്‍ ലീഗ് അല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിന്റെ ധാര്‍മികതയെ കുറിച്ച് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെതിരായ ഈ പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ പല സര്‍ക്കാരുകളും ഇതുപോലെ ശ്രമം നടത്തിയിരുന്നെങ്കിലും സുപ്രീംകോടതി തടയുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏഴുദിവസം കൊണ്ട് ഇതുപോലൊരു ബില്‍ പാസാക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“ഭരണഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവരണ ബില്ല്. ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ല.” വെള്ളാപ്പള്ളി പറഞ്ഞു.