നേടിയത് 13 റൺസ്, കിട്ടിയത് ബംബർ റെക്കോഡ്; ഡബ്ല്യു.പി.എല്ലിൽ മിന്നും നേട്ടവുമായി സ്മൃതി മന്ദാന
Cricket
നേടിയത് 13 റൺസ്, കിട്ടിയത് ബംബർ റെക്കോഡ്; ഡബ്ല്യു.പി.എല്ലിൽ മിന്നും നേട്ടവുമായി സ്മൃതി മന്ദാന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 4:27 pm

2024 വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ട് റണ്‍സിന് യു.പി വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ദാന 11 പന്തില്‍ 13 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ഒരു ഫോറും ഒരു സിക്‌സുമാണ് സ്മൃതി നേടിയത്. മത്സരത്തിന്റെ ആറാം ഓവറില്‍ 36 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ബെംഗളൂരുവിന് സ്മൃതിയെ നഷ്ടമായത്. താഹില മഗ്രാത്തിന്റെ പന്തില്‍ വൃന്ദ ദിനേഷിന് ക്യാച്ച് നല്‍കിയാണ് മന്ദാന പുറത്തായത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്മൃതി മന്ദാന സ്വന്തമാക്കിയത്. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ കൂടുതല്‍ 50+ സ്‌കോറുകള്‍ നേടാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ച താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഒമ്പത് ഇന്നിങ്‌സകളിലാണ് സ്മൃതി 50+ റണ്‍സ് നേടാതെ കളിച്ചിട്ടുള്ളത്.

വുമണ്‍സ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 50+ റണ്‍സ് നേടാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് കളിച്ച താരങ്ങള്‍

(താരം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

സ്മൃതി മന്ദാന-9

മാരിസാന്‍ കാപ്പ്-8

അമേലിയ കെര്‍-8

ഹെതര്‍ നൈറ്റ്-8

ജെമിമ റോഡ്രിഗസ്-8

ദീപ്തി ശര്‍മ-8

അതേസമയം മത്സരത്തില്‍ ടോസ് നേടിയ വാരിയേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് റിച്ചാ ഗോഷ് നടത്തിയത്. 37 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു റിച്ചയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളാണ് റിച്ചയുടെ ബാറ്റില്‍ നിന്നും പിറന്നത്.

സബിനേനി മേഖനയും അര്‍ധസഞ്ചറി നേടി മികച്ച പ്രകടനം നടത്തി. 44 പന്തില്‍ 53 റണ്‍സാണ് മേഖന നേടിയത്. ഏഴ് ഫോറുകളും ഒരു സിക്സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു. പിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനാണ് സാധിച്ചത്. ബെംഗളൂരു ബൗളിങ്ങില്‍ ശോഭന ആശ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Smriti Mandhana create a new record in WPL