'താനെന്തൊരു മനുഷ്യനാടോ'; പറന്നു ക്യാച്ചെടുത്ത് വൃദ്ധിമാന്‍ സാഹ; സ്തബ്ധരായി സഹതാരങ്ങള്‍; രാജസ്ഥാന്‍ താരത്തെ പുറത്താക്കിയ അത്ഭുത പ്രകടനം കാണാം
ipl 2018
'താനെന്തൊരു മനുഷ്യനാടോ'; പറന്നു ക്യാച്ചെടുത്ത് വൃദ്ധിമാന്‍ സാഹ; സ്തബ്ധരായി സഹതാരങ്ങള്‍; രാജസ്ഥാന്‍ താരത്തെ പുറത്താക്കിയ അത്ഭുത പ്രകടനം കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th April 2018, 9:32 am

ജയ്പൂര്‍: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ അധികമാരും പ്രതീക്ഷയര്‍പ്പിക്കാത്ത ടീമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ കെയ്ന്‍ വില്യംസണെന്ന കീവിസ് താരം നായക പരിവേഷത്തിലേക്ക് കടന്നുവന്നതോടെ ഹൈദരാബാദിന്റെ “തലവര” മാറുകയായിരുന്നു. ചെറിയ സ്‌കോര്‍വരെ പ്രതിരോധിക്കുന്ന സ്ഥിരതായര്‍ന്ന പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്.

ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഹൈദരാബിന്റെ ജയം. 152 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാനു ആറുവിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു. ഹൈദരാബാദ് താരങ്ങളുടെ മികച്ച ബൗളിങ് പ്രകടനവും മികവുറ്റ ഫീല്‍ഡിങ്ങുമായിരുന്നു രാജസ്ഥാനെ വിജയത്തില്‍ നിന്നകറ്റിയത്.

മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ക്രീസിലുണ്ടായിരുന്ന രഹാനയ്ക്കും ഗൗതമിനും ലക്ഷ്യം നേടാനായില്ല. ഗൗതം ആദ്യ പന്തില്‍ ഫോര്‍ അടിച്ച് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ബേസിലിന്റെ ബൗളിങ്ങും ഫീല്‍ഡിങ് മികവും ഹൈദരാബാദിന് ആറാം വിജയം സമ്മാനിക്കുകയായിരുന്നു.

രാജസ്ഥാനായി രഹാനെ 53 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സഞ്ജു വി സാംസണ്‍ 40 റണ്‍സെടുത്ത് തിളങ്ങി. 30 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ 40 റണ്‍സ്. രണ്ടു ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ 45 റണ്‍സടിച്ച ഓപ്പണര്‍ ഹെയ്ല്‍സിന്റെയും 63 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസണിന്റെയും മികവിലാണ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചത്. 17 റണ്‍സിനിടയില്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ട ഹൈദരാബാദിനായി പിന്നീട് ഹെയ്ല്‍സും വില്ല്യംസണും ഒത്തുചേരുകയായിരുന്നു. ഹെയ്ല്‍സ് 39 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 45 റണ്‍സാണ് അടിച്ചത്. 43 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സുമടക്കമായിരുന്നു വില്ല്യംസണ്‍ന്റെ 63 റണ്‍സ്.

രാജസ്ഥാന്‍ ഇന്നിങ്‌സില്‍ ബൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ സൂപ്പര്‍ ക്യാച്ച് ആരാധകരുടെയും സഹതാരങ്ങളുടെയും ഹൃദയം കവരുന്നതായിരുന്നു. ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു മനോഹര നിമിഷം. സിദ്ധാര്‍ത്ഥ് കൗളിന്റെ പന്ത് ബാറ്റ്‌സ്മാന്‍ ലോംറോര്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ബാറ്റിന്റെ സൈഡില്‍ കൊള്ളുകയായിരുന്നു. പിറകിലേക്ക് എത്തിയ പന്ത് മുഴുനീള ഡൈവിങ്ങിലൂടെയാണ് സാഹ കൈയ്യിലൊതുക്കിയത്.