സ്‌റ്റൈല്‍ മന്നന്‍ രജനിയുടെ ബോക്‌സ് ഓഫീസ് പവര്‍ കാണിച്ചുതന്ന ചിത്രമായിരുന്നു ജയിലര്‍. ലോകമെമ്പാടും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം രജനി ഫാന്‍സിനെ പോലെ തന്നെ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നീ സൂപ്പര്‍സ്റ്റാറുകളുടെയും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. നരസിംഹ എന്ന കഥാപാത്രത്തിലൂടെ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാന്‍ കന്നഡ താരം ശിവ രാജ്കുമാറിന് സാധിച്ചിരുന്നു.
ശിവ രാജ്കുമാര്‍ നായകനാകുന്ന ‘ഗോസ്റ്റ്’ എന്ന ബിഗ് ബജറ്റ് ചിത്രം വിവിധ ഭാഷകളിലായി റിലീസിന് ഒരുങ്ങുമ്പോള്‍ അകാലത്തില്‍ വിട്ടു പോയ സഹോദരനും നടനുമായ പുനീത് രാജ്കുമാറിനെ ഓര്‍ക്കുകയാണ് അദ്ദേഹം.
‘ ഞാനൊരു സഹോദരനായിട്ടല്ല പുനീതിനെ കണ്ടിട്ടുള്ളത്. അവന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു’, ശിവ രാജ്കുമാര്‍ പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘നെല്‍സന്റെ സംവിധാനത്തില്‍ ഒരു സിനിമയില്‍ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നത് പുനീതിന്റെ ഒരു ആഗ്രഹമായിരുന്നു. അത് ചെയ്യാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്.
പക്ഷെ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ഞാനൊരു സഹോദരന്‍ ആയിട്ടല്ല പുനീതിനെ കണ്ടിട്ടുള്ളത്. അവനെക്കാള്‍ 14 വയസ്സിന് മുതിര്‍ന്നതാണെങ്കിലും ഒരിക്കലും ഒരു അനിയനെ പോലെ അല്ലായിരുന്നു അവന്‍ എനിക്ക്. അവന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അവന്‍ ഇവിടം വിട്ടു പോയെന്ന് എനിക്ക് തോന്നുന്നേയില്ല. അങ്ങനെ ചിന്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
അവന്‍ ഞങ്ങള്‍ക്ക് ഒപ്പം തന്നെയുണ്ടെന്ന് എനിക്കറിയാം. എല്ലാവരും അവനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ ഞാനേറെ സന്തോഷിക്കുന്നുണ്ട്. രാജ് കുമാര്‍ എന്ന അച്ഛന്റെ മക്കളായി ആ കുടുംബത്തില്‍ ജനിച്ചതില്‍ എനിക്കെന്നും അഭിമാനം തോന്നുന്നു. ആളുകളുടെ സ്‌നേഹവും പിന്തുണയും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഞങ്ങളുടെ കുടുംബത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഞാന്‍ അതെന്റെ ഹൃദയത്തോടാണ് ചേര്‍ത്തു വെക്കുന്നത്. ഏതുനിമിഷവും ആളുകള്‍ ഞങ്ങളുടെ കൂടെയുണ്ടെന്ന് അറിയുമ്പോള്‍ എല്ലാവരോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു,’ ശിവ രാജ്കുമാര്‍ പറഞ്ഞു.
റിലീസിന് ഒരുങ്ങുന്ന ഗോസ്റ്റ് എന്ന ചിത്രം എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ശിവ രാജ്കുമാര്‍ തന്നെയാണ്. ജയിലറിനു ശേഷം മലയാളത്തിലടക്കം വലിയ ആരാധന പിന്തുണ നേടിയെടുത്ത താരത്തിന്റെ പുതിയ ഹിറ്റിനായിട്ടുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
CONTENT HIGHLIGTS: SIVARAJKUMAR TALK ABOUT PUNEETH RAJ KUMAR