മാസ് മസാല അല്ലാതെയുള്ള ജോണറില്‍ ആശങ്കയുണ്ട്, ബിസിനസും കൂടി നോക്കിയാണ് സിനിമ ചെയ്യുന്നത്: ശിവകാര്‍ത്തികേയന്‍
Film News
മാസ് മസാല അല്ലാതെയുള്ള ജോണറില്‍ ആശങ്കയുണ്ട്, ബിസിനസും കൂടി നോക്കിയാണ് സിനിമ ചെയ്യുന്നത്: ശിവകാര്‍ത്തികേയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th October 2022, 3:53 pm

സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്റര്‍ടെയ്ന്‍മെന്റിന് ആവശ്യമായ ഘടകങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ശിവകാര്‍ത്തികേയന്‍. ബിസിനസും കൂടി നോക്കിയേ സിനിമകള്‍ ചെയ്യാറുള്ളുവെന്നും സാമ്പത്തിക വിജയത്തെ ബാധിക്കുന്നില്ലെങ്കില്‍ മറ്റ് ജോണറുകള്‍ ചെയ്യുമെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

‘ഡോക്ടറും ഡോണും കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി. ഞാന്‍ ഏത് ജോണര്‍ ചെയ്താലും എന്റര്‍ടെയ്ന്‍മെന്റ് വേണം. എന്റെ കഥാപാത്രം തമാശയൊന്നും പറഞ്ഞില്ലെങ്കിലും ഡോക്ടറിലേത് പോലെ കഥ മൊത്തത്തില്‍ എന്റര്‍ടെയ്‌നറായാലും മതി. പാട്ട്, ഡാന്‍സ്, ഫൈറ്റ് ഒക്കെ വേണം. ഞാന്‍ തമാശയൊന്നും പറഞ്ഞില്ലെങ്കിലും സിനിമ നന്നായാല്‍ ജനങ്ങള്‍ സ്വീകരിക്കുമെന്ന് ഡോക്ടര്‍ കഴിഞ്ഞപ്പോള്‍ മനസിലായി.

ഡോക്ടറില്‍ ഒരു പെണ്‍കുട്ടിയെ കാണാതെ പോകുമ്പോള്‍ ഉള്ള വിഷമം ഉണ്ട്. ഡോണില്‍ അച്ഛന്‍-മകന്‍ ബന്ധമുണ്ട്. അതെല്ലാം പ്രേക്ഷകര്‍ക്ക് കണക്ടാവുന്നതാണ്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

‘എല്ലാ ജോണറും ചെയ്യണമെന്നുണ്ട്. എന്നാല്‍ ഹെവി വയലന്‍സൊക്കെ വന്നാല്‍ ഞാന്‍ ഒന്ന് ആലോചിക്കും. സംവിധായകനെ കൂടി നോക്കിയേ അത്തരം സിനിമകള്‍ ചെയ്യുകയുള്ളൂ, സ്‌ക്രിപ്റ്റ് മാത്രം നോക്കില്ല. അത് എനിക്ക് ഇഷ്ടമല്ല എന്നല്ല. അത്തരം കഥയില്‍ ഞാന്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കും.

ഇതിനെല്ലാം പുറമേ ബിസിനസും കൂടി പരിഗണിക്കേണ്ടതുണ്ട്. ഓരോ സിനിമക്കും തിയേറ്ററിക്കല്‍ റൈറ്റ്‌സ് ഉണ്ട്, ടെലിവിഷന്‍ റേറ്റിങ് ഉണ്ട്. ഇതിനെയൊന്നും ബാധിക്കില്ലെങ്കില്‍ സീരിയസ് സബ്‌ജെക്ടും ചെയ്യും. അതേസമയം രാക്ഷസന്‍ പോലെയൊരു ചിത്രം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. എല്ലാ ഓഡിയന്‍സും കാണുന്ന സിനിമയാണ് അത്. പാട്ടും ഫൈറ്റുമൊന്നുമില്ലെങ്കിലും അതിലൊരു കൊമേഴ്ഷ്യല്‍ എലമെന്റ് ഉണ്ട്. ഓഡിയന്‍സ് സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടണം, അതാണ് നമ്മുടെ ആവശ്യം.

മുന്നോട്ടുള്ള സമയത്തും എല്ലാം ജോണറും നോക്കണം. ഇല്ലെങ്കില്‍ എന്നെ ഞാന്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്തില്ലെന്ന് തോന്നും. എനിക്കുള്ളില്‍ എത്രത്തോളം പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് അറിയാതെ പോവും. പതിയെ അത് നടക്കുമെന്നാണ് വിചാരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sivakarthikeyan says that while selecting films, he makes sure that they have elements for entertainment