national news
മോദിയെ ശിവജിയോട് ഉപമിക്കരുത്, ശിവജിക്ക് കലാപത്തിന്റെ രാഷ്ട്രീയം ഉണ്ടായിരുന്നില്ല: രൂക്ഷമായി പ്രതികരിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 27, 03:43 am
Thursday, 27th September 2018, 9:13 am

മുംബൈ: പ്രധാനമന്ത്രിയെ ഛത്രപതി ശിവജിയോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശിവസേന. ശിവജി ഒരിക്കലും കലാപത്തിന്റെ രാഷ്ട്രീയം നടപ്പില്‍ വരുത്തിയിരുന്നില്ലെന്നു പറഞ്ഞാണ് ശിവസേനയുടെ വിമര്‍ശനം.

“ഛത്രപതി ശിവജിയും മുസല്‍മാനും” എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കവേയായിരുന്നു മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന. ബി.ജെ.പി ഇപ്പോള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പാടേ വിരുദ്ധമായിരുന്നു യഥാര്‍ത്ഥത്തില്‍ ശിവജിയെന്ന് റൗട്ട് പറയുന്നു.

 

Also Read: യോഗി ആദിത്യനാഥിനെതിരെ കേസുകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്തു

 

“ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രധാനമന്ത്രിയെ ശിവജി മഹാരാജുമായി താരതമ്യപ്പെടുത്തി സംസാരിക്കുകയുണ്ടായി. എന്നാല്‍, ഛത്രപതി ശിവജി ഒരിക്കലും കലാപങ്ങളുടെ രാഷ്ട്രീയം നടപ്പില്‍ വരുത്തിയിരുന്നില്ലെന്ന് അദ്ദേഹം മറക്കുകയാണ്” റൗട്ട് പറഞ്ഞു.

റാഫേല്‍ കരാര്‍ വിഷയത്തിലും ബി.ജെ.പിയെ വിമര്‍ശിക്കാന്‍ റൗട്ട് മറന്നില്ല. പ്രതിരോധ മേഖലയില്‍ യാതൊരു പ്രവര്‍ത്തിപരിചയവുമില്ലാത്ത ഒരു കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. അതിനെത്തുടര്‍ന്ന് എങ്ങിനെയാണ് പോര്‍വിമാനങ്ങളുടെ വില യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ മൂന്നു മടങ്ങു വര്‍ദ്ധിച്ചതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.