'ശബരിമല വിധിയില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്; ബാബ്‌റി മസ്ജിദ് കേസിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?'; നിലപാട് വ്യക്തമാക്കി യെച്ചൂരി
national news
'ശബരിമല വിധിയില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്; ബാബ്‌റി മസ്ജിദ് കേസിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?'; നിലപാട് വ്യക്തമാക്കി യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 5:47 pm

ന്യൂദല്‍ഹി: ശബരിമല കേസില്‍ കൃത്യമായ വിധിയിലേക്ക് സുപ്രീം കോടതി എത്രയും വേഗം എത്തിച്ചേരണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിധിയില്‍ ചോദ്യങ്ങള്‍ ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല കേസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരും’- അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബ്‌റി മസ്ജിദ് കേസില്‍ എങ്ങനെയാണു നീതി നടപ്പാക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘ബാബ്‌റി മസ്ജിദ് കേസ് രാജ്യത്തു സജീവമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷമാകുന്നു. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ് എന്നീ പ്രമുഖ നേതാക്കളെല്ലാം ആ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മസ്ജിദ് തകര്‍ത്തതു നിയമലംഘനമാണെന്നാണു നീതിപീഠം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആ കേസില്‍ എങ്ങനെയാണു നീതി നടപ്പാക്കപ്പെട്ടത്? അതില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? നിലവിലെ വിധി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനു തടസ്സമാകരുത്.’- അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലെന്നും പി.ബി വ്യക്തമാക്കിയിരുന്നു.

ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്നും പി.ബി പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വേണമെന്നും നിയമോപദേശം തേടണമെന്നും പി.ബി യോഗം വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്നു മറ്റൊരു കൂട്ടര്‍.

സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും. ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല.

ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.