കോഴിക്കോട്: മുന്‍ കേരള ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് സിറാജ് പത്രം എഴുതിയ മുഖപ്രസംഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയും ശ്രീലേഖയുടെ സര്‍വീസ് കാലത്തെ ആര്‍.എസ്.എസ് ബന്ധവും കേരള പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
എന്നാല്‍ സേനയിലെ ഈ ആര്‍.എസ്.എസ് സ്വാധീനം പൊലീസിന്റെ പല നടപടികളും പ്രതിഫലിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങള്‍ക്കെതിരായി കേസ് എടുക്കുന്നതില്‍പ്പോലും ഇത് പ്രകടമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ പൊലീസ് കേസ് എടുക്കാന്‍ മടിക്കാറുണ്ടെന്നും അഥവാ സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളാക്കിയും ലഹരി അടിമകളാക്കിയും കേസുകള്‍ അട്ടിമറിക്കുന്നുവെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ടായി.
എന്നാല്‍ അതേസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചാര്‍ജ് ചെയ്യുന്നുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. പൗരത്വബില്‍ വിഷയത്തില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. എന്നാല്‍ നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് പി.ശശികലക്കെതിരെ ഇതുവരെ നിയമനടികള്‍ സ്വീകരിക്കാത്തത്തത് ഇക്കാര്യം കൊണ്ടാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നിയമനടപടികളില്‍ ആര്‍.എസ്.എസ് വിധേയത്വം കാണിക്കുന്നതിലുപരി സേനയില്‍ സ്വീകരിക്കുന്ന പല രഹസ്യ തീരുമാനങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ശബരിമല വിഷയത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി സ്ത്രീകള്‍ എത്തുന്നതിന് മുമ്പായി ആ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞത് ഇങ്ങനെയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
എന്നാല്‍ സേന അംഗങ്ങള്‍ ആര്‍.എസ്.എസ് നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് അറിഞ്ഞിട്ടും ആര്‍.എസ്.എസിന്റെ പ്രധാനവിമര്‍ശകരായ കേരള സര്‍ക്കാര്‍ അതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ആഭ്യന്തരവകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് ഇതിന് കാരണമെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ആര്‍. ശ്രീലേഖയും ഒരു സംഘപരിവാര്‍ വേദിയില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നാണ് ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. സംഘത്തിന്റെ ഒരു ദീപാവലി ആഘോഷത്തില്‍ ആര്‍. ശ്രീലേഖ ഉദ്ഘാടകയും ശശികല മുഖ്യപ്രഭാഷകയുമായിരുന്നെന്നും അവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
Content Highlight: Siraj’s editorial says that the influence of RSS in the police force is due to the incompetence of the Home ministry