Advertisement
Film News
സാര്‍ ഞാന്‍ ഇന്‍ട്രോവേര്‍ട്ടാ...; ഗോള്‍ഡിനെ പറ്റി ചോദിച്ചപ്പോള്‍ ഒരു വെറൈറ്റി റിപ്ലെ; വൈറലായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 01:51 pm
Thursday, 1st December 2022, 7:21 pm

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ ഒന്നിന് അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തിനും പ്രേമത്തിനും ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെ ഗോള്‍ഡിന് വലിയ ഹൈപ്പുണ്ടായിരുന്നു. പതിവ് പോലെ ഒരു പ്രത്യേകതകളും അവകാശപ്പെടാനില്ലാത്ത ചിത്രം എന്ന ‘അല്‍ഫോണ്‍സ് ക്യാപ്ഷനോടെ’ തന്നെയാണ് ചിത്രം എത്തിയതും. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്തിയത്.

ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇഷ്ടപ്പെട്ടെന്നും ഇല്ലെന്നും കുഴപ്പമില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഗോള്‍ഡിന്റെ ഓഡിയന്‍സ് റെസ്‌പോണ്‍സ് എടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് സാറേ ഞാന്‍ ഇന്‍ഡ്രോവേര്‍ട്ടാണ് എന്നാണ് ഒരാള്‍ പറഞ്ഞത്. ഇയാളുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിനൊപ്പം തന്നെ വലിയ ചര്‍ച്ചയും നടക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇന്‍ഡ്രോവേര്‍ട്ടാണെങ്കില്‍ എന്തിനാണ് ഇത് വൈറലാക്കുന്നതെന്നുമാണ് ഒരു കൂട്ടര്‍ പറയുന്നത്.

അദ്ദേഹത്തിന്റെ മറുപടിയെ ബഹുമാനിക്കണമെന്നും പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുന്നത് ഒരു കുറവല്ല എന്നും പരിഹസിക്കേണ്ട ആവശ്യമില്ലെന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം ഇത് വളരെ ഹിലേരിയസായ പ്രതികരണമാണെന്നും ഇന്‍ഡ്രോവേര്‍ട്ടാണെങ്കില്‍ ഒന്നും മിണ്ടാതെ പോവുകയല്ലേയുള്ളൂ എന്നും ചിലര്‍ പറയുന്നു. ഇന്‍ഡ്രോവേര്‍ട്ടുകള്‍ ഒരിക്കലും അത് തുറന്നുപറയില്ലെന്നും കൂടിപ്പോയാല്‍ ചിരിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ട് നടന്നുപോവുകയേ ഉള്ളൂവെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

ഇന്‍ഡ്രോവേര്‍ട്ടുകളെ പറ്റിയുള്ള ചര്‍ച്ചകളും വീഡിയോയുടെ പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ നടക്കുന്നുണ്ട്. ഇനി അതല്ല സിനിമയെ പരിഹസിച്ചതാണെന്നും അതല്ല അഭിപ്രായം എടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകെ പരിഹസിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

അതേസമയം ഗോള്‍ഡ് പ്രതീക്ഷ കാത്തില്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. നേരവും പ്രേമവും പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് നിരാശയായിരിക്കുമെന്ന പ്രതികരണവും സോഷ്യല്‍ മീഡിയയിലുണ്ട്.

ചിത്രം റിലീസിനോട് അനുബന്ധിച്ച് ഇന്നലെ അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്കില്‍ ചിത്രത്തെക്കുറിച്ച് കുറിപ്പ് ഇട്ടിരുന്നു. ഗോള്‍ഡ് ഇംപെര്‍ഫെക്ടാണെന്നും അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പടം കാണുന്നവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Sir I am introvert; When asked about Gold, a variety reply