അകാലത്തില്‍ പൊലിഞ്ഞ് പോയ മകളുടെ ഓര്‍മയില്‍ ഗായിക കെ.എസ് ചിത്ര. മകളുടെ ചിത്രത്തോടൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് മകളെക്കുറിച്ചുള്ള ഓര്‍മ ചിത്ര പങ്കുവെച്ചത്.
ഹൃദയം നിറയെ മകളെക്കുറിച്ചുള്ള ഓര്‍മകളാണെന്നും അഭിമാനത്തോടെയാണ് മകളെക്കുറിച്ച് സംസാരിക്കുന്നെതുമാണ് ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രിയഗായികയുടെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓര്‍മകളാണ്. ഞങ്ങള്‍ അഭിമാനത്തോടെ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അതൊരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദന മോളെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു,’ചിത്ര പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രക്കും പങ്കാളി ജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാല്‍ ഈ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. 2011ല്‍ ദുബായിലെ വില്ലയില്‍ വെച്ച് നീന്തല്‍ക്കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
നന്ദനയുടെ പിറന്നാള്‍ ദിനത്തിലും ചിത്ര പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ വന്നുപോയാലും പ്രായം കൂടാത്തൊരിടത്ത് സ്വര്‍ഗത്തിലെ മാലഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ, മകളെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ചിത്ര കുറിച്ചത്.
‘സ്വര്‍ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വര്‍ഷങ്ങള്‍ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ.
എന്റെ അരികിലില്ലെങ്കിലും നീയവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാന്‍ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു. ഒരുപാട് സ്‌നേഹിക്കുന്നു. പ്രിയപ്പെട്ട നന്ദനക്ക് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു ചിത്ര കുറിച്ചത്.
content highlight: singer k.s chithra about her daughter’s