റമദാന്‍ ഭക്ഷണം എടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലിം ദമ്പതികളെ വിലക്കി; മാപ്പപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍
national news
റമദാന്‍ ഭക്ഷണം എടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലിം ദമ്പതികളെ വിലക്കി; മാപ്പപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2023, 9:31 am

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ഫെയര്‍ പ്രൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യക്കാരായ മുസ്‌ലിം ദമ്പതികളെ റമദാന്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സ്ഥാപന ഉടമകള്‍. കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരിലെ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് തങ്ങള്‍ക്ക് മോശം അനുഭവമുണ്ടായതായി ഇന്ത്യന്‍ വംശജനായ ജഹബര്‍ സാലിഹ് രംഗത്തെത്തിയത്.

തന്റെ പങ്കാളിയായ ഫറ നാദിയയോടും രണ്ട് മക്കളോടുമൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ജഹബറിനെയാണ് സ്ഥാപനത്തിലെ ജീവനക്കാരന്‍ നോമ്പ് തുറ വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തടഞ്ഞത്. വിഭവങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ളതല്ലെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ തന്നെ തടഞ്ഞതെന്ന് ജഹബര്‍ പറഞ്ഞതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

സംഭവ ശേഷം ഫറ നാദിയ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിലൂടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. റമദാനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മുസ്‌ലിം ഉപഭോക്താക്കള്‍ക്കായി ഇഫ്താര്‍ പാനീയങ്ങള്‍ നല്‍കാറുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ദമ്പതികള്‍ മെനുകാര്‍ഡ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാരന്‍ വന്ന് ഇത് ഇന്ത്യക്കാര്‍ക്കുള്ളതല്ല, മലായ് വംശജര്‍ക്കുള്ളതാണെന്ന് പറഞ്ഞെന്നാണ് ഫറ ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

ഇന്ത്യയിലും മുസ്‌ലിങ്ങളുണ്ടെന്നും അവര്‍ക്കും ഇഫ്താറില്‍ പങ്കെടുക്കാമെന്നും
ജീവനക്കാരനോട് പറഞ്ഞ് കൊടുത്തെങ്കിലും അയാളത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ദമ്പതികള്‍ പറഞ്ഞു. തനിക്ക് മുകളില്‍ നിന്ന് നിര്‍ദേശമുണ്ടെന്ന് അയാള്‍ പറഞ്ഞതായി ജഹബര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദമ്പതികള്‍ക്കുണ്ടായ മോശം അനുഭവം സമൂഹമാധ്യമങ്ങളില്‍ നിന്നാണ് തങ്ങള്‍ അറിഞ്ഞതെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരുടെ വാദം. സ്ഥാപനത്തില്‍ നിന്ന് ഉണ്ടായ മോശം അനുഭവത്തില്‍ ഖേദമുണ്ടെന്നും കുറ്റക്കാരനായ ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഫെയര്‍ പ്രൈസ് പ്രതിനിധി പറഞ്ഞതായി ദി സ്‌ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Singapore  super market apologies for incident happened to Muslim couple