രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
മോഹന്‍ലാല്‍ മദ്യപാനിയായി വേഷമിട്ട കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സ്പിരിറ്റ്, ഹലോ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ മദ്യപാനിയായി വേഷമിട്ടിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. സ്പിരിറ്റ് എന്ന സിനിമ സംവിധാനം ചെയ്തത് തന്റെ ഗോഡ്ഫാദര്‍മാരില്‍ ഒരാളായ രഞ്ജിത്തായിരുന്നെന്നും ആ സിനിമയില്‍ മോഹന്‍ലാല്‍ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് അതെന്നും പലര്‍ക്കും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും പൃഥ്വിരാജ് പറഞ്ഞു. സ്പിരിറ്റ് കണ്ട ബോളിവുഡിലെ ഒരു സംവിധായകന്‍ തന്നോട് ആ സിനിമയെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ മദ്യപിച്ചിട്ടാണ് ആ കഥാപാത്രം ചെയ്തതെന്നാണ് അയാള്‍ വിശ്വസിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മോഹന്‍ലാല്‍ മദ്യപിക്കാതെയാണ് ആ കഥാപാത്രം ചെയ്തതെന്ന് താന്‍ ആ സംവിധായകനോട് പറഞ്ഞപ്പോള്‍ അയാള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും പൃഥ്വി പറയുന്നു. ഒരു നടന്‍ ശരിക്കും വിജയിക്കുന്നത് ഇത്തരം കാര്യങ്ങളിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. കുമുദം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘മദ്യപാനിയായി ലാല്‍ സാര്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്പിരിറ്റ്, ഹലോ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സിനിമകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. സ്പിരിറ്റ് എന്ന സിനിമ സംവിധാനം ചെയ്തത് എന്റെ ഗോഡ്ഫാദര്‍മാരില്‍ ഒരാളായ രഞ്ജിത് സാറാണ്. എനിക്ക് ആ സിനിമയെക്കുറിച്ച് നന്നായി അറിയാം.
ആ സിനിമയില്‍ മദ്യപാനിയായി അഭിനയിക്കുന്ന സമയത്ത് ലാല്‍ സാര്‍ ഒരു തുള്ളി മദ്യം പോലും കൈകൊണ്ട് തൊട്ടിട്ടില്ല. എന്നാല്‍ അത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്. എനിക്ക് അടുത്തറിയാവുന്ന ബോളിവുഡിലെ ഒരു സംവിധായകന്‍ സ്പിരിറ്റിനെക്കുറിച്ച് എന്നോട് സംസാരിച്ചു. ലാല്‍ സാര്‍ മദ്യപിച്ചിട്ടാകും ആ റോള്‍ ചെയ്തതെന്നാണ് അയാള്‍ ധരിച്ചുവെച്ചത്. അല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം വിശ്വസിച്ചില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Sukumaran about Mohanlal’s performance in Spirit movie