കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയെയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സംവിധായകര്‍ക്കെതിരായ നടപടി.
ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ അറസ്റ്റിലായ സംവിധായകര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫെഫ്കയുടെ നടപടി.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.
കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മൂവരും പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ഫ്‌ലാറ്റിലെത്തിയത്.
ആലപ്പുഴ ജിംഖാന, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, തല്ലുമാല, ലൗ എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനായ അഷറ്ഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ് കൂടിയാണ്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് പരിശോധനക്കിടെ ഇറങ്ങി ഓടിയതിന് പിന്നാലെയാണ് ഷൈന്‍ അറസ്റ്റിലായത്.
ആലപ്പുഴ കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തതിനാല്‍ അപേക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ സംഘടനാ തലത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Content Highlight: FEFKA Directors Union suspends Khalid Rahman and Ashraf Hamza