Entertainment
എനിക്ക് കാസ്റ്റിങ് കോളില്‍ വിശ്വാസമില്ല, കാരണം...: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 03:50 am
Sunday, 27th April 2025, 9:20 am

മോഹന്‍ലാല്‍-ശോഭന കോമ്പോയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം തുടരും തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍മൂര്‍ത്തി. ഏറെ നിരൂപക പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയ ചിത്രമായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ സൗദി വെള്ളക്ക.

ഇപ്പോള്‍ സിനിമയിലെ കാസ്റ്റിങ് കോളിനെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

തനിക്ക് കാസ്റ്റിങ് കോളില്‍ വിശ്വാസമില്ലെന്നും അതിനെ ഒരു മാര്‍ക്കറ്റിങ്ങ് ആയാണ് താന്‍ കാണുന്നതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മറ്റൊരാളുടെ സ്വപ്‌നം വെച്ച് മാര്‍ക്കറ്റിങ് ചെയ്യുന്ന ഒരു രീതിയായാണ് താന്‍ കാസ്റ്റിങ് കോളിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാളുടെ ഫോട്ടോ കണ്ട് തനിക്ക് ഒരിക്കലും അവരെ അളക്കാന്‍ കഴിയില്ലെന്നും നേരിട്ടുള്ള കാഴ്ച്ചയില്‍ നിന്നാണ് അധികവും ആളുകളെ തെരഞ്ഞെടുക്കാറുള്ളതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഞാന്‍ കാസ്റ്റിങ് കോള്‍ ഇടാറില്ല. കാസ്റ്റിങ് കോള്‍ വെക്കുന്നത് വളരെ തെറ്റാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം അതും ഒരു തരത്തില്‍ മാര്‍ക്കറ്റിങ് ആണ്. നമ്മുടെ സിനിമ വേറേ ഒരുത്തന്റെ സ്വപ്‌നം വെച്ചിട്ട് മാര്‍ക്കറ്റ് ചെയ്യേണ്ടത് ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കാസ്റ്റിങ് കോള്‍ ഇടുന്നു. അതിന്റെ അടിയില്‍ കുറെ കമെന്റ് വരുന്നു. കുറെ മെയ്‌ലുകള്‍ വരുന്നു, ഈ മെയ്‌ലുകള്‍ ഒന്നും തന്നെ മൊത്തതത്തില്‍ നോക്കാന്‍ പറ്റില്ല. ഒരാള്‍ കാസ്റ്റിങ് കോള്‍ അയച്ചിട്ട് അവര്‍ അത് പ്രതീക്ഷിച്ച് എത്രയോ നാളുകള്‍ ഇരിക്കും കൂടെ ഉള്ള കൂട്ടുകാരോട് ചോദിക്കും നിന്നെ വിളിച്ചോ?

നമ്മളെ സംബന്ധിച്ച് നമുക്ക് വേണ്ട ഒരു മുഖം കിട്ടുക എന്നതാണ്. എനിക്ക് ഒരിക്കലും ഒരു ഫോട്ടോയില്‍ നിന്ന് ഒരാളെ അളക്കാന്‍ പറ്റില്ല. അത് ചിലപ്പോള്‍ ഫോട്ടോഷോപ്പായിരിക്കാം അയാള്‍ ഫോട്ടോജെനിക് ആയിരിക്കാം ചിലപ്പോള്‍ അയാളുടെ ഒരു ആഗിള്‍ നല്ലതായിരിക്കാം നേരിട്ടുള്ള കാഴ്ച്ചയില്‍ നിന്നാണ് കൂടുതലും ഞാന്‍ പിക്ക് ചെയ്യാറുള്ളത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്താറുണ്ട്,’

Content Highlight:  Tharun Moorthy about casting call