ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരായ തിരിച്ചടികള്‍ തുടര്‍ന്ന് ഇന്ത്യ. ശനിയാഴ്ച മുന്നറിയിപ്പ് കൂടാതെ ഉറി ഡാം തുറന്നുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ നടപടിയാണിത്.
ഇതോടെ ഝലം നദിയിലെ ജലനിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ അധിനിവേശ കശ്മീരിലെ പല ഭാഗങ്ങളിലും വെള്ളം കയറി. നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചതായാണ് വിവരം.
‘ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്,’ പി.ഒ.കെയിലെ ഡുമെല്‍ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര അലാറങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കന്നുകാലികളെയും കൃഷിയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരായ നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്.
64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു കരാര്‍ പ്രാബല്യത്തില്‍ വന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളം പാകിസ്ഥാനും 20 ശതമാനം ഇന്ത്യക്കും ഉപയോഗിക്കാം. ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു കരാര്‍ നിലവില്‍ വന്നത്.
കിഴക്കന്‍ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്ഥാനുമായിരുന്നു.
Content Highlight: India opens Uri dam without warning; Pakistan under threat of flooding