സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മരണമാസ് എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലും സിജു തന്റെ സാന്നിധ്യമറിയിച്ചു.
മരണമാസിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിജു സണ്ണി. ചിത്രത്തിന്റെ പ്രൊമോ സോങ്ങിനായി ഡാന്‍സ് കളിക്കേണ്ട ആവശ്യമുണ്ടായിരുന്നെന്ന് സിജു സണ്ണി പറഞ്ഞു. കൂടെയുള്ള ആര്‍ട്ടിസ്റ്റുകളില്‍ ആര്‍ക്കൊക്കെ ഡാന്‍സ് അറിയുമെന്ന് ബേസില്‍ ജോസഫ് ആദ്യമേ അന്വേഷിക്കുമായിരുന്നെന്നും ഗുരുവായൂരമ്പല നടയിലിലെ പാട്ടിലും ഇതേ അനുഭവമുണ്ടായിരുന്നെന്നും സിജു സണ്ണി കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഡാന്‍സ് അറിയില്ലെന്ന് ബേസിലിന് ആദ്യമേ അറിയാമായിരുന്നെന്നും സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍ എന്നിവരെക്കുറിച്ചും മനസിലാക്കി വെച്ചിരുന്നെന്നും സിജു പറഞ്ഞു. ചിത്രത്തിലെ നായികയായ അനിഷ്മക്കും ഡാന്‍സ് അത്ര വശമില്ലെന്ന് അറിഞ്ഞപ്പോള്‍ ബേസിലിന് സമാധാനമായെന്നും സിജു സണ്ണി കൂട്ടിച്ചേര്‍ത്തു. ചോദിച്ച് ചോദിച്ച് ഒടുവില്‍ ഡാന്‍സ് മാസ്റ്ററോട് വരെ ഡാന്‍സ് ചെയ്യാന്‍ അറിയുമോ എന്ന് ബേസില്‍ ചോദിച്ചിരുന്നെന്നും സിജു പറഞ്ഞു.
സെറ്റില്‍ എല്ലാവരും എത്തുന്നതിന് മുന്നേ ബേസില്‍ വന്നിട്ട് ഡാന്‍സ് പ്രാക്ടീസ് ചെയ്യുമായിരുന്നെന്നും എന്നാല്‍ ഇക്കാര്യം ആരും ശ്രദ്ധിച്ചില്ലായിരുന്നെന്നും സിജു സണ്ണി പറയുന്നു. നാല് കൊറിയോഗ്രാഫര്‍മാരെയും ചുറ്റിലും നിര്‍ത്തിയായിരുന്നു ബേസിലിന്റെ പ്രാക്ടീസെന്നും സിജു പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു സിജു സണ്ണി.
‘ഈ പടത്തിന്റെ പ്രൊമോ സോങ്ങിന് ഡാന്‍സ് ചെയ്യണമെന്ന് അറിഞ്ഞപ്പോള്‍ ബേസിലേട്ടന്‍ ആദ്യം ചെയ്തത് കൂടെയുള്ളവര്‍ക്ക് എത്രത്തോളം ഡാന്‍സ് അറിയുമെന്ന് അന്വേഷിക്കുകയായിരുന്നു. ഗുരുവായൂരമ്പല നടയിലിലെ ഷൂട്ടിന് ശേഷം എന്റെ ഡാന്‍സിനെപ്പറ്റി പുള്ളിക്ക് ധാരണ കിട്ടി. സുരേഷേട്ടന്റെയും (സുരേഷ് കൃഷ്ണ), രാജേഷേട്ടന്റെയും (രാജേഷ് മാധവന്‍) ഡാന്‍സ് എത്രത്തോളമുണ്ടെന്ന് പുള്ളിക്ക് അറിയാം.
ആകെ പേടിയുണ്ടായിരുന്നത് അനിഷ്മയുടെ കാര്യത്തിലായിരുന്നു. അവള്‍ക്കും ഡാന്‍സ് വശമില്ലെന്ന് അറിഞ്ഞപ്പോള്‍ പുള്ളിക്ക് സമാധാനമായി. ആരും അറിയാതെ സെറ്റില്‍ നേരത്തെ വന്നിട്ട് പുള്ളി ഡാന്‍സ് പ്രാക്ടീസ് ചെയ്യുമായിരുന്നു. ഒരുദിവസം നോക്കുമ്പോള്‍ ചുറ്റിലും നാല് കൊറിയോഗ്രാഫര്‍മാരെ നിര്‍ത്തിയിട്ടാണ് പുള്ളി പ്രാക്ടീസ് ചെയ്യുന്നത്,’ സിജു സണ്ണി പറഞ്ഞു.
Content Highlight: Siju Sunny about Basil Joseph’s dance practice for Maranamass movie