കാല്‍ നൂറ്റാണ്ടിന് ശേഷവും മലയാള സിനിമാസ്വാദകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ചിത്രമാണ് സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയര്‍ ഹിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം കൂടിയാണ് ഹിറ്റ്‌ലര്‍. ചിത്രത്തില്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കിയിരുന്നു. മമ്മൂട്ടിയുടെ മികച്ച ഏട്ടന്‍ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ് ഹിറ്റ്‌ലര്‍.
ഹിറ്റ്ലര്‍ സിനിമയെടുക്കാന്‍ കാരണമായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ദിഖ്.
സംവിധായകന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പുല്ലേപ്പടിയില്‍ പയ്യമ്മാരുടെ ഒരു ഗ്യാങ്ങുണ്ടായിരുന്നെന്നും അങ്ങനെയിരിക്കെ ഒരു കുടുംബം അവിടെ വാടകയ്ക്ക് താമസിക്കാനെത്തിയെന്നും സിദ്ദിഖ് പറയുന്നു.
ഞങ്ങളേക്കാള്‍ പ്രായം കുറഞ്ഞ സുന്ദരിയായ ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനും അമ്മയും ചേട്ടനും. ചേട്ടന്‍ ഞങ്ങളേക്കാള്‍ മൂത്ത ഒരാളാണ്. പെണ്‍കുട്ടി വൈകുന്നേരങ്ങളില്‍ പുസ്തകം വായിച്ച് ടെറസിലൂടെ നടക്കും. അതോടെ പയ്യന്‍മാരെല്ലാം ആ വീടിനെ ചുറ്റിപ്പറ്റിയായി കറക്കം. ആ വീടിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുക, ആ വീടിന് മുന്നിലെത്തുമ്പോള്‍ സൈക്കിളിന്റെ ചെയിന്‍ തെറ്റിയ പോലെ ഇറങ്ങി നില്‍ക്കുക. ഒരാള്‍ അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും നടന്നു വന്ന് വീടിന് മുന്നില്‍ നിന്ന് സംസാരിക്കുക.
അങ്ങനെ രസകരമായ സംഭവങ്ങള്‍. പെണ്‍കുട്ടിയാണെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ ചില സുന്ദരമ്മാരെ നോക്കി ചിരിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഞാന്‍ മറ്റൊരാളെ ശ്രദ്ധിച്ചത്. പെണ്‍കുട്ടിയുടെ ചേട്ടനെ. കക്ഷിക്ക് ഞങ്ങളുടെ ഗ്യാങ്ങിന്റെ എല്ലാ പരിപാടികളും മനസ്സിലാവുന്നുണ്ട്. ജനാലയിലൂടെ നോക്കി പല്ലിറുക്കുന്നുമുണ്ട്. ഞാന്‍ പുള്ളിയുടെ ടെന്‍ഷനെപ്പറ്റിയാണ് ആദ്യം ആലോചിച്ചത്. സിദ്ദിഖ് പറഞ്ഞു.
കുറേക്കാലം കഴിഞ്ഞ് ആ കുടുംബം വീട് വിട്ട് പോയെന്നും ആ പെണ്‍കുട്ടിയെ മറന്നെങ്കിലും ചേട്ടന്‍ കഥാപാത്രം തന്റെ മനസ്സില്‍ തന്നെ കിടന്നെന്നും സിദ്ദിഖ് പറയുന്നു. അതായിരുന്നു ഹിറ്റ്ലര്‍ മാധവന്‍കുട്ടിയുടെ ആദ്യ സ്പാര്‍ക്കെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക