ന്യൂദല്‍ഹി: വിദഗ്ധ ചികിത്സക്കായി കോടതി നിര്‍ദ്ദേശ പ്രകാരം ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ട് പോയെന്നാരോപണവുമായി കുടുംബം.
കഴിഞ്ഞ ദിവസം രാത്രിയോടെ ദല്‍ഹി എയിംസില്‍ നിന്ന് സിദ്ദീഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.
കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞു. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഈ നടപടി കോടതിയലക്ഷ്യമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പൊലീസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. ആശുപത്രിയില്‍ വെച്ച് കാപ്പനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കാണാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും ദല്‍ഹിയിലാണെന്നും അവര്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ദല്‍ഹി എയിംസിലോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നായിരുന്നു നിര്‍ദേശം.
സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്ന് യു.പി സര്‍ക്കാരും കേന്ദ്രവും വാദിച്ചെങ്കിലും സാങ്കേതിമായ കാരണങ്ങള്‍ക്കല്ല ആരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. കാപ്പന് അടിയന്തര ചികിത്സ നല്‍കണമെന്ന ഹരജിയിലാണ് കോടതി തീരുമാനമറിയിച്ചത്. തുടര്‍ന്നായിരുന്നു ദല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ സിദ്ദീഖ് കാപ്പനെ അഡ്മിറ്റ് ചെയ്തത്.
ഒക്ടോബര്‍ അഞ്ചിനായിരുന്നു ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയും ചുമത്തിയിരുന്നു.
അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍ പ്രദേശ് പൊലീസ് സിദ്ദിഖിനെ അനുവദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക