ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യം വൈകുമെന്ന് റിപ്പോര്‍ട്ട്. ഇ.ഡി കേസില്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് സിദ്ദിഖ് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളിയിരിക്കുകയാണ്. ഇതോടെയാണ് സിദ്ദിഖ് കാപ്പന് ജാമ്യം വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഹത്രാസിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ട് വര്‍ഷം ജയിലിലടച്ച സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍, കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് നിലവില്‍ ജാമ്യം ലഭിക്കാത്തത്. ജാമ്യാപേക്ഷ ഈമാസം 19ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് ദിവസത്തിനകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് സിദ്ദീഖിനെ തിങ്കളാഴ്ച ലഖ്‌നോ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു.
യു.എ.പി.എ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഇ.ഡി കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതും കോടതി മാറ്റിവെച്ചിരുന്നു.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.