ചാരക്കേസ് അമേരിക്കന്‍ സ്വാധീനത്തില്‍ കെട്ടിച്ചമച്ചതെന്ന വാദം സാങ്കല്പികം: സിബി മാത്യൂസ്
Kerala
ചാരക്കേസ് അമേരിക്കന്‍ സ്വാധീനത്തില്‍ കെട്ടിച്ചമച്ചതെന്ന വാദം സാങ്കല്പികം: സിബി മാത്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2013, 12:50 am

[]കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അമേരിക്കന്‍ സ്വാധീനത്തില്‍ കെട്ടിച്ചമച്ചതാണെന്ന വാദം സാങ്കല്പികമെന്ന് കേസ് അന്ന് അന്വേഷിച്ച ഉദ്യോഗസ്ഥനായ സിബി മാത്യൂസ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. []

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത്, കേസില്‍ പ്രതിയായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിബി മാത്യൂസിന്റെ സത്യവാങ്മൂലം.

ചാരക്കേസ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍, അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് കേസെന്ന് പറഞ്ഞിട്ടില്ല.

ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് തടയാന്‍ അമേരിക്കന്‍ ചാരസംഘടന നടത്തിയ ശ്രമമാണ് ചാരക്കേസെന്ന നമ്പി നാരായണന്റെ വാദം സ്വയം മഹത്വവത്കരിക്കാനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

നമ്പി നാരായണനെ അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ ക്രയോജനിക് എന്‍ജിന്‍ വികസിപ്പിക്കാമായിരുന്നെന്നും രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ നേടാമായിരുന്നെന്നും ബഹിരാകാശ വകുപ്പോ ഐ.എസ്.ആര്‍.ഒ.യോ കേന്ദ്ര സര്‍ക്കാരോ അവരുടെ ഔദ്യോഗിക രേഖകളിലൊന്നും പറയുന്നില്ലെന്ന് സിബി മാത്യൂസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിനുശേഷം നമ്പി നാരായണന്‍ ഐ.എസ്.ആര്‍.ഒ.യില്‍ തിരികെ ചേര്‍ന്ന് 2001 വരെ പ്രവര്‍ത്തിച്ചെങ്കിലും ക്രയോജനിക് എന്‍ജിന്‍ വികസിപ്പിക്കലുള്‍പ്പെടെ സുപ്രധാന ദൗത്യങ്ങള്‍ ഏല്പിച്ചതായും കാണുന്നില്ല.

പോലീസുകാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഹാജരാക്കുന്ന സി.ബി.ഐ.യുടെ കുറിപ്പില്‍ ഒപ്പോ തീയതിയോ ഇല്ല.

അതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയോ ക്രിമിനല്‍ നടപടിയോ സാധ്യമല്ലെന്ന് അഡ്വ. വി.വി. നന്ദഗോപാല്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പോലീസ് പീഡിപ്പിച്ചെന്ന ആക്ഷേപം ഇതിനുമുന്‍പ് കോടതികളിലൊന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടില്ല. 20 ദിവസം മാത്രമാണ് പോലീസ് കേസ് അന്വേഷിച്ചത്.

പിന്നീട് സിബി മാത്യൂസ് ഡി.ജി.പി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ.ക്ക് വിട്ടത് എന്നത് ഉത്തമ വിശ്വാസത്തിലായിരുന്നു നടപടികളെന്ന് വ്യക്തമാക്കുന്നു.

പിന്നീട് തെളിവില്ലെന്നു കാണിച്ച് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസിനെതിരായി പരാമര്‍ശമില്ല. സംഭവം നടന്ന് 18 വര്‍ഷത്തിനു ശേഷം വൈകി നല്‍കുന്ന പരാതി അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരള പൊലീസ് അന്വേഷിച്ച കേസില്‍ സിബിഐ 1996ലാണ് എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് തെറ്റായതും തെളിയിക്കാന്‍ കഴിയാത്തതുമാണെന്നായിരുന്നു സി.ബി.ഐയുടെ നിഗമനം.

1994ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശികുമാറും ക്രയോജനിക് സാങ്കേതിക വിദ്യയുടെ രഹസ്യം പാക്കിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കു ചോര്‍ത്തിയെന്നായിരുന്നു കേസ്.

ബാംഗ്ലൂരിലെ കരാറുകാരന്‍ എസ്.കെ. ശര്‍മ, റഷ്യന്‍ ഏജന്റ് ചന്ദ്രശേഖര്‍, മാലിദ്വീപ് നിവാസികളായ മറിയം റഷീദ, ഫൗസിയ ഹസന്‍, ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍, ശശികുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അന്ന് ഡി.ജി.പിയായിരുന്ന രമണ്‍ ശ്രീവാസ്തവ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.