തമിഴിലെ മികച്ച നടന്മാരിലൊരാലാണ് കാര്‍ത്തി. സൂര്യയുടെ അനിയന്‍ എന്ന മേല്‍വാലസത്തിലൂടെയാണ് കാര്‍ത്തി സിനിമയിലേക്കെത്തിയത്. എന്നാല്‍ ആദ്യചിത്രമായ പരുത്തിവീരനിലെ പ്രകടനത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ തമിഴ് സിനിമയുടെ മുന്‍നിരയില്‍ കാര്‍ത്തിയും ഇടംപിടിച്ചു.
26 ചിത്രങ്ങള്‍ ചെയ്ത കാര്‍ത്തിയുടെ കരിയറില്‍ 24ഉം വ്യത്യസ്ത സംവിധായകര്‍ക്കൊപ്പമായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലൂടെയാണ് കാര്‍ത്തി ഈ ട്രെന്‍ഡിന് അവസാനമിട്ടത്. ഇനി വാരാനിരിക്കുന്ന കാര്‍ത്തിയുടെ ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള പലതും മുന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്.
അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി.എസ്. മിത്രന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ സര്‍ദാറിന്റെ തുടര്‍ച്ചയാണ് സര്‍ദാര്‍ 2. ആ വര്‍ഷത്തെ ദീപാവലി റിലീസുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറാന്‍ സര്‍ദാറിന് സാധിച്ചു. കാര്‍ത്തി ഇരട്ടവേഷത്തിലെത്തിയ ചിത്രം സ്‌പൈ ത്രില്ലര്‍ ഴോണറിലുള്ളതാണ്.
ഇപ്പോഴിതാ സര്‍ദാര്‍ 2വിന്റെ അനൗണ്‍സ്‌മെന്റ് പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യഭാഗത്തെ രംഗങ്ങളുടെ കട്ട്‌സ് കാണിച്ച പ്രൊമോയുടെ ഒടുവില്‍ രണ്ടാം ഭാഗത്തിലെ ചില ഭാഗങ്ങളുടെ ഗ്ലിംപ്‌സും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സര്‍ദാര്‍ 2വിലെ നായകന്റെ മിഷന്‍ എന്താകുമെന്ന് മാര്‍ച്ച് 31ന് പുറത്തുവിടുന്ന പ്രൊമോയില്‍ വ്യക്തമാക്കും.
സര്‍ദാറിന് പിന്നാലെ സ്‌പൈ ഏജന്റായി മാറിയ വിജയ് പ്രകാശിന്റെ കോഡ് നെയിം പറയുന്നിടത്താണ് ആദ്യഭാഗം അവസാനിച്ചത്. ഇതിന്റെ തുടര്‍ച്ചയാകും സര്‍ദാര്‍ 2വില്‍ പറയുക എന്നാണ് കരുതുന്നത്. റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവര്‍ നായികമാരെത്തിയ സര്‍ദാറില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ചങ്കി പാണ്ഡേയായിരുന്നു. പഴയകാല നടി ലൈലയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
ആദ്യഭാഗത്തിലെ അതേ ക്രൂ തന്നെയാകും രണ്ടാം ഭാഗത്തിലെന്നാണ് സൂചന. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുമ്പോള്‍ ജോര്‍ജ് വില്യംസ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. റൂബന്‍ തന്നെയാകും ചിത്രത്തിന്റെ എഡിറ്റിങ്. പ്രിന്‍സ് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എസ്. മിത്രന്‍ തന്നെയാകും.
Content Highlight: Sardar 2 announcement promo out now