Kerala News
നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും; എമ്പുരാന്‍ വിഷയത്തില്‍ എം.സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 04:01 pm
Sunday, 30th March 2025, 9:31 pm

തിരുവനന്തപുരം: അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം സിനിമ എമ്പുരാനെതിരെ ഉണ്ടായ വിവാദ സാഹചര്യത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.സ്വരാജ്. നുണ രാജ്യം ഭരിക്കുമ്പോല്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടുമെന്ന് എം.സ്വരാജ് പറഞ്ഞു.

നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും, എം.സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റില്‍ പറയുന്നു.

എമ്പുരാന്‍ സിനിമയില്‍ 2002 ലെ ഗുജറാത്ത് കലാപമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംഘപരിവാറിനെതിരായ വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായത്.

ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറടക്കം പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും നിര്‍മാതാക്കളടക്കമുള്ളവരെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.

സിനിമയിലെ ഗുജറാത്ത് കലാപമടക്കമുള്ള ഉള്ളടക്കങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും പൃഥ്വിരാജ് നടപ്പിലാക്കിയ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാനെന്നും ഉന്നയിച്ച് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: When lies rule the country, truth will be censored; M. Swaraj on Empuran issue