IPL
ഈ മാച്ച് ലൈവ് കണ്ടവര്‍ ഭാഗ്യവാന്‍മാര്‍! 111 റണ്‍സ് മാത്രം നേടി 16 റണ്‍സിന്റെ ചരിത്ര വിജയം; സിംഹഗര്‍ജനത്തില്‍ കൊല്‍ക്കത്ത ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 15, 05:18 pm
Tuesday, 15th April 2025, 10:48 pm

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആവേശജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ അടക്കമുള്ള മുന്നേറ്റ നിര താളം കണ്ടെത്താന്‍ സാധിക്കാതെ പാടുപെട്ടതോടെ പഞ്ചാബിന്റെ സ്‌കോറിലും അത് പ്രതിഫലിച്ചു.

നാലാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടപ്പെട്ടത്. 12 പന്തില്‍ 22 റണ്‍സുമായി നില്‍ക്കവെയാണ് പ്രിയാന്‍ഷ് പുറത്താകുന്നത്. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെയും ടീമിന് നഷ്ടമായി. ഹര്‍ഷിത്തിന്റെ പന്തില്‍ രമണ്‍ദീപിന് ക്യാച്ച് നല്‍കിയായിരുന്നു ശ്രേയസും മടങ്ങിയത്.

നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ സില്‍വര്‍ ഡക്കായിട്ടായിരുന്നു അയ്യരിന്റെ മടക്കം. ഐ.പി.എല്ലില്‍ ഇത് ഏഴാം തവണയാണ് ശ്രേയസ് അയ്യര്‍ പൂജ്യത്തിന് മടങ്ങുന്നത്.

തൊട്ടടുത്ത ഓവറില്‍ അരങ്ങേറ്റക്കാരന്‍ ജോഷ് ഇംഗ്ലിസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ഹോം ടീമിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പവര്‍പ്ലേയിലെ അവസാന പന്തിലാണ് പ്രഭ്സിമ്രാനെ പഞ്ചാബിന് നഷ്ടമാകുന്നത്. ഹര്‍ഷിത് റാണയെ സിക്സറുകള്‍ക്ക് പറത്തി മികച്ച രീതിയില്‍ ബാറ്റിങ് തുടരവെയാണ് പ്രഭ്സിമ്രാന്‍ മടങ്ങിയത്.

നേഹല്‍ വധേര പത്ത് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരിക്കല്‍ക്കൂടി നിരാശനാക്കി. വെറും ഏഴ് റണ്‍സ് മാത്രമാണ് മാക്‌സി നേടിയത്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിക്കാത്ത മാക്‌സ്‌വെല്‍ ബാറ്റിങ് ഓര്‍ഡറില്‍ ഭാരമായി തുടരുകയാണ്.

17 പന്തില്‍ 18 റണ്‍സ് നേടിയ ശശാങ്ക് സിങ്ങും 15 പന്തില്‍ 11 റണ്‍സ് നേടിയ സേവ്യര്‍ ബാര്‍ട്‌ലെറ്റുമാണ് ഇരട്ടയക്കം നേടിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ 15.3 ഓവറില്‍ പഞ്ചാബ് 111ന് പുറത്തായി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും നേടി. ആന്റിക് നോര്‍ക്യയും വൈഭവ് അറോറയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കും തുടക്കം പാളിയിരുന്നു. സുനില്‍ നരെയ്ന്‍ അഞ്ച് റണ്‍സിനും ക്വിന്റണ്‍ ഡി കോക്ക് രണ്ട് റണ്‍സിനും പുറത്തായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഒപ്പം കൂട്ടി ആംഗ്രിഷ് രഘുവംശി സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി രഹാനെ മടങ്ങി. 17 പന്തില്‍ 17 റണ്‍സാണ് താരം സ്വന്തമാക്കിയത്. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ രഘുവംശിയും മടങ്ങി. 28 പന്തില്‍ 35 റണ്‍സുമായി നില്‍ക്കവെ യൂസി ചഹലാണ് രഘുവംശിയെ മടക്കിയത്.

ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി പിഴുതെറിഞ്ഞ് ഹോം ടീം കൊല്‍ക്കത്തയെ വന്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

13ാം ഓവറില്‍ തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ യൂസ്വേന്ദ്ര ചഹലിനെതിരെ ആന്ദ്രേ റസല്‍ തകര്‍ത്തടിച്ചു. രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 16 റണ്‍സാണ് ചഹലിന്റെ അവസാന ഓവറിവല്‍ പിറവിയെടുത്തത്. ഈ ഓവറിന് പിന്നാലെ കൊല്‍ക്കത്ത നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുകയും ചെയ്തു.

14ാം ഓവറിലെ അവസാന പന്തില്‍ അര്‍ഷ്ദീപും 15ാം ഓവറിലെ ആദ്യ പന്തില്‍ മാര്‍കോ യാന്‍സെനും വിക്കറ്റ് നേടിയതോടെ പഞ്ചാബ് 16 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

പഞ്ചാബിനായി ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ് വെല്‍, അര്‍ഷ്ദീപ് സിങ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

 

Content Highlight: IPL 2025: Punjab Kings defeated Kolkata Knight Riders