2025 IPL
റോയലാകാന്‍ ഹസരംങ്ക; മിന്നും നേട്ടത്തിലെത്താ വേണ്ടത് ഒരേയൊരു വിക്കറ്റ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 12:19 pm
Thursday, 24th April 2025, 5:49 pm

ഐ.പി.എല്ലില്‍ ഇന്ന് (വ്യാഴം) നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ഇന്ന് നേരിടുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ റോയല്‍സ് ബെംഗളുരുവിനെ കളത്തിലിറങ്ങുന്നത്.

സീസണിലെ ആദ്യ ഹോം വിജയം തേടി ബെംഗളൂരു ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ഉന്നമിട്ടാണ് രാജസ്ഥാന്‍ പോരാട്ടത്തിനൊരുങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയവുമായാണ് രജത് പാടിദാറിന്റെ സംഘമെത്തുന്നത്. അതേസമയം, രാജസ്ഥാന്‍ സീസണില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ഉള്ളത്.

മത്സരത്തില്‍ രാജസ്ഥാന്റെ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംങ്ക ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിക്കുക. ഈ നേട്ടത്തിലേക്കെത്താന്‍ ലങ്കന്‍ താരത്തിന് വേണ്ടത് വെറും ഒരു വിക്കറ്റ് മാത്രമാണ്.

ടി-20യില്‍ 192 മത്സരങ്ങളില്‍ നിന്നും 199 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. അതേസമയം മത്സരത്തില്‍ പരിക്കേറ്റ സഞ്ജു സാംസണ്‍ കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് സഞ്ജു പരിക്കേറ്റ് പുറത്തായത്. നിലവില്‍ ഐ.പി.എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 224 റണ്‍സാണ് താരം നേടിയത്. 66 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 37.33 എന്ന ആവറേജും താരത്തിനുണ്ടായിരുന്നു.

ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിക്കാതിരുന്ന നായകന്‍ ഈ ആര്‍.സി.ബിക്കെതിരെയും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. താരത്തിന്റെ അഭാവത്തില്‍ യുവതാരം റിയാന്‍ പരാഗാണ് ടീമിനെ നയിക്കുക.

Content Highlight: IPL 2025: RR VS RCB: Wanindu Hasaranga Need One Wicket For Great Record Achievement