Entertainment
ചാക്കോച്ചന്റെ ഡാന്‍സ് കൂടെ വന്നപ്പോള്‍ ആ പാട്ട് ഹിറ്റായി: ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 11:42 am
Thursday, 24th April 2025, 5:12 pm

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒരു വയലിനിസ്റ്റ് കൂടെയാണ് അദ്ദേഹം.

ജോണ്‍സണ്‍ മാസ്റ്റര്‍, കണ്ണൂര്‍ രാജന്‍, ശ്യാം തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും ഇന്നത്തെ സുഷിന്‍ ശ്യാം, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരോടൊപ്പവും അദ്ദേഹം സംഗീത ലോകത്ത് നിറഞ്ഞ് നിന്നിരുന്നു. യുവാക്കള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി ഗാനങ്ങള്‍ ഔസേപ്പച്ചന്റെതാണ്. കാതോട് കാതോരത്തിലെ ഔസേപ്പച്ചന്റെ ഗാനങ്ങള്‍ പുതിയ സിനിമകളില്‍ റിക്രിയേറ്റ് ചെയ്യുകയും ഉണ്ടായിരുന്നു.

ഇപ്പോള്‍ തന്റെ ശ്രദ്ധിക്കപ്പെടാതെ പോയ ഗാനങ്ങള്‍ പിന്നീട് പല സിനിമകളിലായും വന്ന് ഹിറ്റാവുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് വന്നപ്പോള്‍ ദേവദൂതര്‍ എന്ന ഗാനം നല്ല ഹിറ്റായി എന്ന് ഔസേപ്പച്ചന്‍ പറയുന്നു. ഒരു പ്രൊഡക്റ്റ് നമ്മള്‍ നന്നായി ചെയ്തിട്ട് കാര്യമില്ല അത് മാര്‍ക്കറ്റ് ചെയ്യാന്‍ അറിയണമെന്നും മാര്‍ക്കറ്റിങ് തന്ത്രം അറിയുമെങ്കിലെ അത് ജനങ്ങളിലേക്ക് എത്തുകയുള്ളൂവെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസസ് കേരളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ‘പഞ്ചവര്‍ണ കുളിരെ പാലാഴി കടവില്‍’ ഇതൊന്നും റിലീസ് ചെയ്തപ്പോള്‍ ഒരു മനുഷ്യനും കേള്‍ക്കാത്ത പാട്ടുകളായിരുന്നു. ഈ പറഞ്ഞ കൂട്ടത്തതില്‍ ‘ദേവദൂതര്‍ പാടി’ എങ്ങനെയാണ് ഹിറ്റായത്? ചാക്കോച്ചന്‍ ഒരു ഡാന്‍സുകൂടെ ചെയ്തപ്പോള്‍ അത് വല്ലാത്ത ഹിറ്റാണ് ആയത്. ഇത് എന്തെന്ന് വെച്ചാല്‍ മാര്‍ക്കറ്റിങ്ങാണ്. മാര്‍ക്കറ്റിങ്ങിന്റെ ഒരു സ്വഭാവം നിങ്ങള്‍ക്കറിയുമല്ലോ. ഏതൊരു പ്രൊഡക്റ്റും നന്നായി ഉണ്ടാക്കിയിട്ട് കാര്യമൊന്നും ഇല്ല. അത് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയണം. അത് ജനങ്ങള്‍ക്ക് മനസിലാകണം. എന്നാലെ സാധനം വാങ്ങിക്കുകയുള്ളു.

അത് മാര്‍ക്കറ്റിങ്ങിന്റെ തന്ത്രമാണ്. സിനിമയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും ആ മാര്‍ക്കറ്റിങ്ങ് തന്ത്രം തന്നെയാണ് അവര്‍ ചാക്കോച്ചന്റ ഡാന്‍സ് വഴി ഉപയോഗിച്ചത്. ആ പാട്ട് നല്ല പാട്ടായിരിക്കാം പക്ഷേ ആരും കേട്ടിട്ടില്ല. ശ്രദ്ധിച്ചിരുന്നുമില്ല. അത് ഒരു 37 വര്‍ഷം കഴിഞ്ഞ് വീണ്ടും ഇടിച്ച് പൊളിച്ച് വരുകയാണ്. നമ്മുടെ എഫേര്‍ട് നന്നായി കൊടുക്കുക. ഒരു ദിവസം ‘ഇറ്റ് വില്‍ പെ യു ബാക്ക്’ തീര്‍ച്ചയായും,’ ഔസേപ്പച്ചന്‍ പറയുന്നു.

Content Highlight: Ouseppachan says that Marketing is important  for any art.