Advertisement
Entertainment
വെട്ടിമുറിച്ച എമ്പുരാന്‍ നാളെത്തന്നെ, വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 04:27 pm
Sunday, 30th March 2025, 9:57 pm

റിലീസ് ചെയ്ത് ആദ്യദിനം തൊട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് എമ്പുരാന്‍ ടീം. ചിത്രത്തില്‍ സംഘപരിവാറിനെ അസ്വസ്ഥമാക്കിയ രംഗങ്ങള്‍ റീ സെന്‍സറിങ്ങിന് വിധേയമാക്കി. വിവാദപരമായ രംഗങ്ങളില്‍ മാറ്റം വരുത്തിയ പുതിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ 17 ഇടത്താണ് മാറ്റങ്ങള്‍ വരുത്തിയത്.

മൂന്ന് മിനിറ്റോളം വരുന്ന ഭാഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്തു. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരായ ബജ്‌രംഗി എന്നതും അണിയറപ്രവര്‍ത്തകര്‍ മാറ്റിയിട്ടുണ്ട്. പുതിയ പേര് നാളെ പുറത്തിറക്കുന്ന പതിപ്പില്‍ ഉണ്ടായിരിക്കും. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ കാണിക്കുന്നയിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

അവധിദിനമായ ഞായറാഴ്ചയാണ് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്യപ്പെട്ടത്. തിങ്കളാഴ്ച റീ സെന്‍സര്‍ ചെയ്ത് വ്യാഴാഴ്ച മുതലാകും പുതിയ പതിപ്പ് എത്തുകയെന്ന് കേട്ടെങ്കിലും എത്രയും പെട്ടെന്ന് വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ചിത്രത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നറിഞ്ഞ ശേഷം വലിയ ഡിമാന്‍ഡാണ് എമ്പുരാന്റെ ടിക്കറ്റിനായി നടന്നത്.

ചിത്രത്തിലെ ഭാഗങ്ങള്‍ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിനിമ മാത്രമാണ് തന്റെ തൊഴിലെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും ഷെയര്‍ ചെയ്യുകയുണ്ടായി.

200ല്‍ ഗുജറാത്തില്‍ നടന്ന കലാപമാണ് എമ്പുരാന്റെ ആദ്യത്തെ 30 മിനിറ്റില്‍ കാണിച്ചത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന ഭാഗമാണ് സംഘപരിവാറുകാരെ അസ്വസ്ഥരാക്കിയത്. ചിത്രത്തിലെ സംവിധായകന്‍ പൃഥ്വിരാജിനെതിര വലിയ സൈബര്‍ അക്രമണമാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രൊഫൈലില്‍ നിന്നുണ്ടായത്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖര്‍ മോഹന്‍ലാലിനും എമ്പുരാനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ വിമര്‍ശകര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിച്ച ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍.

Content Highlight: Makers of Empuraan movie removed the controversial scenes mentioning Gujarat Riot