ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിനുള്ളിലെ 400 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന 60ലധികം വിദ്യാര്‍ത്ഥികളെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെയെത്തിയ പൊലീസ് അറസ്റ്റ് ചെയ്തത്.
അവധി ദിവസമായ (ഇന്ന്) ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ, എട്ടിലധികം ജെ.സി.ബികള്‍ സര്‍വകലാശാല കാമ്പസിനുള്ളില്‍ കയറി വനപ്രദേശം വെട്ടിത്തെളിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപൂര്‍, റായ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷനിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ വാനില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് വിദ്യാര്‍ത്ഥികളെ വിട്ടയച്ചിട്ടില്ലെന്ന് ഡൂള്‍ന്യൂസിനോട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പറഞ്ഞു.
‘വളരെ ക്രൂരമായാണ് വാനിലെത്തിയ പൊലീസ് സംഘം വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്തത്. കുതറി മാറിയ വിദ്യാര്‍ത്ഥിനിയെ പൊലീസ് നെഞ്ചില്‍ ചവിട്ടി. ആ വിദ്യാര്‍ത്ഥിനി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചതായും നിരവധി പേര്‍ക്കും പരിക്കേല്‍ക്കുകയും ധരിച്ച വസ്ത്രമടക്കം കീറിയ അവസ്ഥയുണ്ട്. അറസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂറോളമായിട്ടും പൊലീസ് വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല,’ സര്‍വകലാശാല വിദ്യാര്‍ത്ഥി പറയുന്നു.
കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രതിഷേധം തുടരുകയാണെന്നാണ് വിവരം. ഇന്നലെ (ശനിയാഴ്ച) വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് പിന്നാലെയും പൊലീസ് എത്തിയിരുന്നു.
ഇന്ന് ഉഗാദി ആഘോഷം നടക്കുന്നതിനിടെ സംഘം ആരെയും അറിയിക്കാതെ ഉപകരണങ്ങളും ജെ.സി.ബിയുമായി സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരുന്നുവെന്നും പിന്നാലെ വിഷയമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുള്ള ഫുട്പാത്ത് ക്രോസ് ചെയ്യുന്ന വിദ്യാര്‍ത്ഥികളെയെല്ലാം പൊലീസ് യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിലവിലും സര്‍വകലാശാലയില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസും സംഭവസ്ഥലത്ത് തന്നെ നിലയുറപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാഴ്ച മുമ്പാണ് പ്രതിഷേധം ആരംഭിച്ചത്. സര്‍വകലാശാലയുമായി അനുബന്ധിച്ചുള്ള 400 ഏക്കര്‍ വനഭൂമി ലേലത്തിന് വിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. വനഭൂമി വെട്ടിത്തെളിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
വന്യമൃഗങ്ങളടക്കമുള്ള ഭൂമിയിലാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വിവാദ സ്ഥലം വനഭൂമിയല്ലെന്നും സ്ഥലത്ത് വന്യജീവികളില്ലെന്നുമടക്കമുള്ള സ്റ്റേറ്റ്മെന്റ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധിക്കുകയായിരുന്നു.
Content Highlight: Telangana government moves to auction Hyderabad University forest land; Police arrest over 60 students protesting