Sports News
സെഞ്ച്വറിയടിച്ച് അശ്വിന്‍; ലിസ്റ്റില്‍ ഒന്നാമന്‍ 'തല' തന്നെ!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 30, 04:19 pm
Sunday, 30th March 2025, 9:49 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയാണ്. 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 225 സ്‌ട്രൈക്ക് റേറ്റിലാണ് റാണ ബാറ്റ് വീശിയത്. അശ്വിന്‍ എറിഞ്ഞ വൈഡ് ബോളില്‍ എം.എസ്. ധോണിയുടെ മിന്നും സ്റ്റംപിങ്ങിലാണ് റാണ മടങ്ങിയത്.

മത്സരത്തില്‍ നാല് ഓവറില്‍ നിന്നും 46 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ ഒരു വിക്കറ്റ് നേടിയത്. എന്നിരുന്നാലും ഒരു മിന്നും നാഴികക്കല്ല് പൂര്‍ത്തിയാക്കാനും അശ്വിന് മത്സരത്തില്‍ സാധിച്ചു. ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി 100 മത്സരങ്ങള്‍ കളിക്കാനാണ് അശ്വിന് സാധിച്ചത്. ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം ധോണിയാണ്.

ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, മത്സരം

എം.എസ്. ധോണി – 237

സുരേഷ് റെയ്‌ന – 176

രവീന്ദ്ര ജഡേജ – 175

ഡ്വെയ്ന്‍ ബ്രാവോ – 116

ആര്‍. അശ്വിന്‍ – 100*

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്.

സഞ്ജു സാംസണ്‍ 20 റണ്‍സിനും ധ്രുവ് ജുറെല്‍ 3 റണ്‍സിനും മടങ്ങി ആരാധകരെ നിരാശരാക്കി. മാത്രമല്ല വാനിന്ദു ഹസരംഗ നാല് റണ്‍സിനും കൂടാരം കയറി. മധ്യ നിരയില്‍ ക്യാപ്റ്റന്‍ പരാഗ് 28 പന്തില്‍ 37 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയാണ് മടങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

രച്ചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ്(ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ

Content Highlight: IPL 2025: R. Ashwin Completed 100 Match For Chennai Super Kings In IPL