വിശാൽ കൃഷ്ണ മൂർത്തിയുടെ ആ പ്രത്യേകത ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ: സിബി മലയിൽ
Entertainment
വിശാൽ കൃഷ്ണ മൂർത്തിയുടെ ആ പ്രത്യേകത ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 2:43 pm

കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച സിനിമയാണ് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം അന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൈയൊഴികയാണുണ്ടായത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതനെ ക്ലാസിക്കെന്ന് പലരും വാഴ്ത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു.

റീ റിലീസിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് ചിത്രം പ്രേക്ഷകരിൽ നിന്ന് നേടിയത്. വിശാൽ കൃഷ്ണ മൂർത്തിയെന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയുകയാണ് സിബി മലയിൽ. വിശാൽ കൃഷ്ണ മൂർത്തി ഒരു ലെഫ്റ്റ് ഹാൻഡർ ആണെന്നും അത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും സിബി മലയിൽ പറയുന്നു. മോഹൻലാലാണ് അങ്ങനെ ഒരു നിർദേശം മുന്നോട്ട് വെച്ചതെന്നും അത് കൃത്യമായി ഫോളോ ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും സിബി മലയിൽ പറയുന്നു.

ലെഫ്റ്റ് ഹാൻഡും റൈറ്റ് ഹാൻഡും ഒരുപോലെ ഉപയോഗിക്കാൻ മോഹൻലാലിന് അറിയാമെന്നും അത് കഥാപാത്രത്തിലേക്ക് കൊണ്ടുവന്നതാണെന്നും സിബി മലയിൽ മൂവി മാനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ദേവദൂതനിലെ വിശാൽ കൃഷ്ണ മൂർത്തിയെന്ന കഥാപാത്രം ഒരു ലെഫ്റ്റ് ഹാൻഡറാണ്. അത് ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു അഭിനേതാവ് ഏറ്റവും സൂക്ഷ്മതയോടെ ഒരു കഥാപാത്രത്തെ സമീപിക്കുന്നതിന് ഉദാഹരണമാണത്.

ഇനി കാണുന്നവർ ശ്രദ്ധിച്ചാൽ മനസിലാവും. അയാൾ ഇടത് കൈകൊണ്ടാണ് എഴുതുന്നത്. അതുപോലെ ബാൻഡ് പിടിക്കുന്നത് ലെഫ്റ്റ് ഹാൻഡിലാണ്. അത് സിനിമയിൽ മുഴുവനായി അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. അത് അത്ര പ്രകടമല്ല. നമ്മൾ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അത് മനസിലാവുക.

ഞാനും മോഹൻലാലും തമ്മിലൊരു ധാരണയിൽ എത്തിയതാണത്. നമുക്ക് കഥാപാത്രത്തിന് എന്താണ് ഒരു പ്രത്യേകത കൊണ്ടുവരാൻ കഴിയുകയെന്ന് ആലോചിച്ചപ്പോൾ ലാൽ തന്നെയാണ് ലെഫ്റ്റ് ഹാൻഡായി ചെയ്യാമെന്ന് നിർദേശിച്ചത്.

ലാൽ, ലെഫ്റ്റും റൈറ്റും കയ്യക്ഷരങ്ങൾ നല്ല വൃത്തിയിൽ എഴുതും. അതുകൊണ്ട് അതൊരു ബുദ്ധിമുട്ടല്ലായിരുന്നു. ഈ കഥാപാത്രത്തിലേക്ക് അതിനെ കൊണ്ടുവരുകയായിരുന്നു. കഥാപാത്രത്തിന് ഒരു ഐഡന്റിഫിക്കേഷൻ വേണ്ടേ. അത് അദ്ദേഹത്തിന്റെ നിർദേശമായിരുന്നു. അത് കൃത്യമായി അദ്ദേഹം ഫോളോ ചെയ്തു,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malyil Talk About Features OF Vishal Krishna Moorthi In Devadoothan