Entertainment
ദേവദൂതന്റെ കഥയുമായി ആദ്യം സമീപിച്ചത് പത്മരാജൻ സാറിനെയാണ്, എന്നാൽ..: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 19, 09:36 am
Friday, 19th July 2024, 3:06 pm

മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ദേവദൂതന്റെ കഥ സംവിധായകൻ പത്മരാജനെ കൊണ്ട് എഴുതിപ്പിക്കാനായിരുന്നു താൻ ആദ്യം ശ്രമിച്ചതെന്നും എന്നാൽ പല തിരക്കുകൾ കാരണം അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. പിന്നീട് പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് രഘുനാഥ് പാലേരിക്കൊപ്പം സിനിമ ഒരുക്കാൻ കഴിഞ്ഞതെന്നും സിബി പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ദേവദൂതൻ എഴുതാനായി ആദ്യം ഞങ്ങളുടെ മനസിലേക്ക് വന്നത് പത്മരാജൻ സാർ ആയിരുന്നു. അദ്ദേഹത്തെ സമീപിക്കുകയും എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം പത്മരാജൻ സാറിന് അത് ചെയ്യാൻ കഴിഞ്ഞില്ല.

പിന്നീട് രഘുനാഥ് പാലേരി അതെഴുതുകയാണ് ചെയ്തത്. എൺപതി രണ്ട് എൺപതി മൂന്ന് കാലഘട്ടത്തിൽ എന്റെ ആദ്യത്തെ സിനിമക്ക് വേണ്ടി എഴുതിയ കഥ കൂടിയാണ്. ഒരു വർഷത്തോളം ഇരുന്ന് ഞാനും രഘുവും കൂടെ എഴുതി പൂർത്തീകരിച്ച സ്ക്രിപ്റ്റ് പക്ഷെ സിനിമയായില്ല. പല കാരണങ്ങളാൽ അത് മുടങ്ങി പോവുകയായിരുന്നു.

എന്റെ ഏറ്റവും മികച്ച ഒരു സിനിമയായി എന്നെങ്കിലും രൂപപ്പെടാനായി ഞാൻ കാത്തിരുന്ന ചിത്രമായിരുന്നു അത്. പിന്നീട് പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് ദേവദൂതൻ എന്ന പേരിൽ ആ സിനിമ ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടായി.

ആദ്യം എഴുതി വെച്ചിരുന്ന സ്ക്രിപ്റ്റ് റീ വർക്ക്‌ ചെയ്തിട്ട് അത് ഈ കാലഘട്ടത്തിന് പറ്റുന്ന വിധത്തിൽ മാറ്റം വരുത്തിയാണ് വീണ്ടും ഒരുക്കിയത്,’ സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malyil Says That He Firstly Approach Pathmarajan For Devadhoothan Movie