കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിക്കുന്ന കുഞ്ഞിന്റെ മനസാണ് ആ മോഹന്‍ലാല്‍ കഥാപാത്രത്തിന്: സിബി മലയില്‍
Entertainment
കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിക്കുന്ന കുഞ്ഞിന്റെ മനസാണ് ആ മോഹന്‍ലാല്‍ കഥാപാത്രത്തിന്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 10:18 am

ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന മലയാളത്തിലെ എണ്ണംപറഞ്ഞ സിനിമകളില്‍ ഒന്നാണ് ദശരഥം. സിബി മലയിലാണ് ചിത്രത്തിന്റെ സംവിധായകന്‍. 1989ല്‍ ഇറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും രേഖയും മുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ചിത്രമായ ദശരഥം എന്നാല്‍ തിയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടിയിരുന്നില്ല. അതിനാല്‍ തന്നെ കാലത്തിന് മുന്നേ വന്ന സിനിമ എന്നാണ് ദശരഥത്തെ പില്‍ക്കാലത്ത് സിനിമാ പ്രേമികള്‍ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം ലോഹിതദാസിന് തിരക്കഥയ്ക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. മറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദശരഥം.

രാജീവ് മേനോന്‍ എന്ന ബിസിനസ്സുകാരന് ഒരു കുട്ടി വേണമെന്ന മോഹമുണ്ടാകുകയും കൃത്രിമ ബീജസങ്കലനത്തിലൂടെ സുഹൃത്തിന്റെ ഭാര്യ ആനി രാജീവിന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നു. എന്നാല്‍ അതിന് ശേഷം നടക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ദശരഥത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രാജീവ് മേനോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

‘രാജീവ് മേനോന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ട് അയാള്‍ അവിടെയും അത് അത്രക്ക് ഗൗരവമായിട്ടല്ല കാണുന്നത്. ഒരു കുട്ടിത്തത്തിന്റെ അവസ്ഥയിലാണ് അയാള്‍ അതിനെ കാണുന്നത്.

ഒരു കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിക്കുന്ന കുട്ടിയുടെ മനസോടുകൂടിയാണ് അയാള്‍ ആ സിനിമയില്‍ മുഴുവനും സഞ്ചരിക്കുന്നത്. ഏറ്റവും അവസാനത്തില്‍ തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമാണ് വേറൊരു തലത്തിലേക്ക് മാറി മറിയുന്നത്. ഇത് വളരെ രസകരമായി എഴുതപ്പെട്ടൊരു സ്‌ക്രിപ്റ്റാണ്,’സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil Talks About Mohanlal’s  Character In Dasharatham Movie