Entertainment
ആ മോഹന്‍ലാല്‍ ചിത്രം ചെയ്ത അത്ര സമ്മര്‍ദത്തില്‍ ഞാന്‍ മറ്റൊരു സിനിമയും എടുത്തിട്ടില്ല: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 13, 11:48 am
Sunday, 13th April 2025, 5:18 pm

മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം. സേതുമാധവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതാദാസ് ആയിരുന്നു. സാഹചര്യങ്ങളാല്‍ സ്വന്തം ജീവിതം തകര്‍ന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. സേതുമാധവനെ പോലത്തെന്നെ കാണികളുടെ മനസില്‍ നോവായി മാറിയ കഥാപാത്രമായിരുന്നു തിലകന്‍ അവതരിപ്പിച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍.

കിരീടം എന്ന ചിത്രത്തെ കുറിച്ചും തിലകനെ കുറിച്ചും സംസാരിക്കുകയാണ് സിബി മലയില്‍. കിരീടത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്നെ അച്യുതന്‍ നായരായി മനസില്‍ തിലകനായിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് തിലകന്‍ തിരുവനന്തപുരത്ത് രണ്ട് സിനിമയുടെ ഷൂട്ടില്‍ ആയിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

ചിറ്റൂരായിരുന്നു കിരീടത്തിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ തിരുവനന്തപുരത്തേക്ക് ഷൂട്ട് മാറ്റിയാല്‍ താന്‍ വന്ന അഭിനയിക്കാമെന്ന് തിലകന്‍ പറഞ്ഞെന്നും സിബി മലയില്‍ പറഞ്ഞു. കിരീടം പോലെ അത്രയും സമ്മര്‍ദത്തില്‍ താന്‍ മറ്റൊരു സിനിമയും എടുത്തിട്ടില്ലെന്നും എന്നാല്‍ അതിന്റെ ഫലം ചിത്രത്തിന് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമ എഴുതുമ്പോള്‍ ചില നടന്മാര്‍ കഥാപാത്രങ്ങളായി മുന്നില്‍ വരും. ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെ എഴുതുമ്പോള്‍ ലോഹിയുടെയും എന്റെയും മനസില്‍ മറ്റൊരു നടനുണ്ടായിരുന്നില്ല, തിലകനല്ലാതെ. തിലകന് നായകനടന്മാരെക്കാള്‍ തിരക്കുള്ള കാലമാണത്. അദ്ദേഹമന്ന് തിരുവനന്തപുരത്ത് രണ്ടു സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. അശോകന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ണ്ണം’ പകല്‍ നേരത്തും ടി. കെ. രാജീവ്കുമാറിന്റെ ‘ചാണക്യന്‍’ രാത്രിയും.

അങ്ങനെ ചാണക്യനിലെ വില്ലനായ മുഖ്യമന്ത്രി മാധവമേനോനും വര്‍ണ്ണത്തിലെ മേജര്‍ എം. കെ. നായര്‍ക്കും ഇടയ്ക്കുള്ള സമയങ്ങളില്‍ തിലകന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരായി

ഞാനും ലോഹിയും തിലകനെ കണ്ടു. ചിറ്റൂരാണ് കിരീടത്തിന്റെ ലൊക്കേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അവിടെ വരെ വരുന്നതിനുള്ള ബുദ്ധിമുട്ടാണ് തിലകന്‍ ചൂണ്ടിക്കാട്ടിയത്. ഞാന്‍ പറഞ്ഞു, ‘ചേട്ടന്‍ വരുന്നതുവരെ സിനിമ മാറ്റിവെക്കും. വേറൊരു നടനില്ല ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍’ എന്ന്.

നാടകകാലത്ത് സഹപ്രവര്‍ത്തകരായിരുന്നു തിലകനും ലോഹിയും. അതുകൊണ്ട് ലോഹിയുടെ എഴുത്തിന്റെ മാന്ത്രികത അറിയാവുന്ന തിലകന്‍ പറഞ്ഞു, ‘ഒരു കാര്യം ചെയ്യാം. രണ്ടു സിനിമകള്‍ക്കിടയിലെ ഇടവേളയില്‍ വന്ന് അഭിനയിക്കാം. പക്ഷേ, ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റണം’ എന്ന്. വലിയൊരു വെല്ലുവിളിയാണത്. പക്ഷേ, വേറെ വഴിയില്ല.

അങ്ങനെ ചാണക്യനിലെ വില്ലനായ മുഖ്യമന്ത്രി മാധവമേനോനും വര്‍ണ്ണത്തിലെ മേജര്‍ എം. കെ. നായര്‍ക്കും ഇടയ്ക്കുള്ള സമയങ്ങളില്‍ തിലകന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരായി. സേതു മാധവന്റെ സ്‌നേഹനിധിയായ അച്ഛനായി മുള്‍കിരീടം ശിരസിലേറ്റിയ അച്ഛനായി മാറാന്‍ തിലകന് ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്ര ധാരാളം മതിയായിരുന്നു.

ഇത്രയും സമ്മര്‍ദത്തില്‍ നിന്നുകൊണ്ട് മറ്റൊരു സിനിമയും എനിക്ക് ചിത്രീകരിക്കേണ്ടി വന്നിട്ടില്ല. എങ്കിലും സിനിമയുടെ റിസല്‍റ്റ് വളരെ പോസിറ്റീവായിരുന്നു. പിന്നെ, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം. അതുകൊണ്ടാക്കെ സമ്മര്‍ദങ്ങള്‍ അറിയാതെ പോയി,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil Talks About Kireedam Movie And Thilakan