നിരഞ്ജന്റെ ആ സീൻ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണമുണ്ട്: സിബി മലയിൽ
Entertainment
നിരഞ്ജന്റെ ആ സീൻ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണമുണ്ട്: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 4:17 pm

മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു.

ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റേത്. ചിത്രത്തിൽ മോഹൻലാൽ വരുന്ന മറ്റൊരു സീനും ഉണ്ടായിരുന്നുവെന്നും എന്നാൽ അത് പിന്നീട് ഒഴിവാക്കേണ്ടി വന്നെന്നും സിബി മലയിൽ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 

‘നിരഞ്ജന്റെ വേറൊരു ഷോട്ട് കൂടെയുണ്ടായിരുന്നു. അഭിരാമിയുടെ കഴുത്തിൽ ഡെന്നീസ് താലി ചാർത്തിയാണ് ആ സീൻ അവിടെ കഴിയുന്നത്. അത്രമാത്രം നിരഞ്ജനെ സ്നേഹിച്ച അഭിരാമി ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് പറയാൻ അവളുടെ മുത്തശ്ശനും മുത്തശ്ശിയും കസിൻസുമെല്ലാം വരുന്നുണ്ട്. പക്ഷെ അവളെ പറഞ്ഞു മനസിലാക്കുന്നതിനിടയിൽ അഭിരാമി ഇറങ്ങിയോടി ഒറ്റയ്ക്കിരിക്കുന്ന ഒരു സീനുണ്ട്.

അവൾ ഒറ്റയ്ക്കിരിക്കുമ്പോൾ അങ്ങോട്ട് നിരഞ്ജന്റെ ഒരു പ്രസൻസ് വരുകയാണ്. സത്യത്തിൽ അപ്പോഴേക്കും അയാൾ തൂക്കി കൊല്ലപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അയാളുടെ ഒരു പ്രസൻസ് വന്നിട്ട് അഭിരാമിയോട് പറയുകയാണ്, നിന്റെ ഈ കരച്ചിൽ എനിക്കൊരിക്കലും സ്വസ്ഥത തരില്ല. ഞാൻ പറഞ്ഞിട്ടല്ലേ നീ ചെയ്തത് എന്നൊക്കെ പറയുന്ന തരത്തിൽ അവളെ കൺവിൻസ് ചെയ്ത് നിരഞ്ജൻ പോവുകയാണ്.

അതിന് ശേഷമാണ് അവസാനത്തെ റെയിൽവേ സ്റ്റേഷൻ ഷോട്ട് കാണിക്കുന്നത്. കാരണം അല്ലെങ്കിൽ പ്രേക്ഷകർ എങ്ങനെ ആ സീൻ ഏറ്റെടുക്കുമെന്ന ഒരു സംശയം ഉണ്ടായിരുന്നു. അല്ലെങ്കിൽ ബോധം കേട്ട് വീണ നായിക പെട്ടെന്ന് എല്ലാത്തിനും തയ്യാറായി എന്നൊരു ചിന്ത വരും.

ആ സീൻ ഒഴിവാക്കിയാൽ റെയിൽവേ സ്റ്റേഷനിൽ ചിരിച്ച് നിൽക്കുന്ന മഞ്ജുവിലേക്കാണ് വരുക. ആ ഒരു ജെർക്ക് ഒഴിവാക്കാനാണ് അങ്ങനെ ഒരു സീൻ ചെയ്തത്. പക്ഷെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ സിയാദ് എന്നെ വിളിച്ചു.

ആ സീനുകൾ കുറച്ച് ഡിസ്ട്രബ്ഡാവുന്നുണ്ട്. ലാൽ പോയി കഴിഞ്ഞാൽ പ്രേക്ഷകർ തിയേറ്ററിൽ ഇരിക്കുന്നില്ല. എത്രയും വേഗം തീർക്കുക എന്നതേ നടക്കുകയുള്ളൂവെന്നും സിയാദ് പറഞ്ഞു. അങ്ങനെയാണ് ആ സീനുകൾ ഒഴിവാക്കിയത്,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Deleted Scene In Summer In Bethlehem