Advertisement
Entertainment
പാട്ടുകളെ ഒരു കീഴ്‌വഴക്കമായി മാത്രം കണ്ട എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയത് ആ മോഹന്‍ലാല്‍ ചിത്രം: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 04, 10:37 am
Sunday, 4th August 2024, 4:07 pm

എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. 1989ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍ സേതുമാധവന്‍ എന്ന കഥാപാത്രമായാണ് എത്തിയത്. മോഹന്‍ലാലിന് പുറമെ തിലകന്‍, പാര്‍വതി, കവിയൂര്‍ പൊന്നമ്മ, മോഹന്‍ രാജ്, മുരളി, ശ്രീനാഥ്, കുണ്ടറ ജോണി, ജഗതി ശ്രീകുമാര്‍, ഫിലോമിന, ഉഷ, ജഗദീഷ്, മണിയന്‍പിള്ള രാജു, മാമുക്കോയ എന്നിവരാണ് കിരീടത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ‘കണ്ണീര്‍ പൂവിന്റെ’ എന്ന ഗാനവും ഈ സിനിമയില്‍ നിന്നുള്ളതാണ്. പാട്ടില്‍ തനിക്ക് ആദ്യമായി കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത് കണ്ണീര്‍പൂവ് ചെയ്യുമ്പോഴാണെന്ന് പറയുകയാണ് സിബി മലയില്‍. അതിന് മുമ്പ് വരെ ഒരു നേര്‍ച്ചയെന്നോണമാണ് സിനിമയില്‍ പാട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘എനിക്ക് നന്നായി മ്യൂസിക്കിനെ കുറിച്ച് അറിയാമെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. സത്യത്തില്‍ എനിക്ക് ഒരു പിടിയും ഇല്ലാത്ത കാര്യമാണ് മ്യൂസിക്. ഞാന്‍ പാട്ടുപാടും എന്നൊക്കെയാണ് ആളുകള്‍ കരുതിയിരിക്കുന്നത്. പക്ഷെ പാട്ടിന്റെ ഏരിയയില്‍ പോലും ഞാന്‍ പോകാറില്ല. ആദ്യ കാലത്ത് സിനിമയില്‍ പാട്ട് ഉണ്ടാകുന്നതിന്റെ ലോജിക് എനിക്ക് മനസിലാകാറില്ല.

എന്തിനാണ് ഒരു സിനിമയില്‍ പാട്ടെന്ന് ഞാന്‍ ആ സമയത്ത് ആലോചിക്കാറുണ്ട്. നമ്മുടെ ജീവിതത്തില്‍ സങ്കടവും സന്തോഷവും വരുമ്പോള്‍ നമ്മള്‍ പാടുമോ? എനിക്ക് എന്നെ തന്നെ പാട്ടിന്റെ കാര്യത്തില്‍ കണ്‍വീന്‍സ് ചെയ്യാന്‍ സാധിക്കാറില്ല. നമുക്ക് കണ്‍വീന്‍സ് ആകാത്ത കാര്യം എങ്ങനെയാണ് നമ്മള്‍ വിഷ്വലൈസ് ചെയ്യുന്നതും ആളുകളിലേക്ക് എത്തിക്കുന്നതും. ആദ്യമൊക്കെ എന്റെ സിനിമയില്‍ കീഴ്‌വഴക്കം എന്നോണം പാട്ട് ഉണ്ടാകുമായിരുന്നു.

ആദ്യകാലങ്ങളില്‍ പാട്ട് ഷൂട്ട് ചെയ്യാന്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഒരു നേര്‍ച്ചയെന്നോണം ചെയ്തു വിടുകയാണ് ചെയ്യുക. ആദ്യമായി പാട്ടില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത് കണ്ണീര്‍പൂവ് ചെയ്യുമ്പോഴാണ്. ഈ പാട്ട് കഥയുടെ ഭാഗമായിരുന്നു, അല്ലാതെ കഥയില്‍ നിന്ന് മാറി നില്‍ക്കുന്നതല്ല. കണ്ണീര്‍പൂവിന്റെ എന്ന പാട്ടില്ലാതെ കിരീടം എന്ന സിനിമ പൂര്‍ത്തിയാകില്ല. കാരണം ആ കഥാപാത്രത്തിന്റെ യാത്ര ആ പാട്ടിലൂടെയാണ്,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Says The Movie kireedam Gave Him Confidence In The Music