ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. തന്റെ പതിവ് സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരുക്കിയ സിബി മലയിൽ ചിത്രമായിരുന്നു ഉസ്താദ്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഷാജി കൈലാസ്, ജോഷി തുടങ്ങിയ സംവിധായകരുടെ സ്റ്റൈൽ ഓഫ് മേക്കിങ്ങിലാണ് സിബി ഒരുക്കിയത്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് നടി ദിവ്യാ ഉണ്ണിയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അനിയത്തിയായാണ് ദിവ്യാ ഉണ്ണി അഭിനയിച്ചത്. എന്നാൽ ആ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.
എന്നാൽ ഷൂട്ടിനിടയിലാണ് മഞ്ജു വാര്യരുടെ കല്യാണം കഴിയുന്നതെന്നും ഒടുവിൽ ആ വേഷത്തിലേക്ക് ദിവ്യാ ഉണ്ണിയെത്തിയെന്നും സിബി മലയിൽ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉസ്താദിലെ ദിവ്യ ഉണ്ണി ചെയ്തിരുന്ന ആ അനിയത്തിയുടെ വേഷം ചെയ്യേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നു. ഉസ്താദിന്റെ ക്ലൈമാക്സ് ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. ദുബായിൽ വെച്ച് ഷൂട്ട് ചെയ്യുന്നതിടയിലാണ് മഞ്ജു കല്യാണം കഴിച്ചുവെന്ന വാർത്തയൊക്കെ പുറത്തുവരുന്നത്. അങ്ങനെയാണ് ദിവ്യാ ഉണ്ണിയിലേക്ക് ആ വേഷം എത്തുന്നത്,’സിബി മലയിൽ പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ചിത്രമാണ് ഉസ്താദെന്നും മോഹൻലാലിന് വേണ്ടി മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നുവെന്നും സിബി പറഞ്ഞു. നിർമാതാവിന് തന്റെ സിനിമ ചെയ്യാൻ താത്പര്യം ഇല്ലെന്ന് അറിഞ്ഞപ്പോൾ രഞ്ജിത്തും ഷാജി കൈലാസും ചേർന്ന് ചിത്രം നിർമിക്കാമെന്ന് പറയുകയും അങ്ങനെയാണ് ഉസ്താദിന്റെ കഥ ഉണ്ടാവുന്നതെന്നും സിബി കൂട്ടിച്ചേർത്തു.
‘ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു പ്രൊജക്ടാണ് ഉസ്താദ്. മോഹൻലാലിന് വേണ്ടി ഞാൻ മറ്റൊരു സിനിമ ചെയ്യാനിരുന്നതാണ്. രഞ്ജിത്താണ് അത് എഴുതുന്നത്. അങ്ങനെ ഒരു കഥായൊക്കെയായി രൂപപ്പെട്ടു വന്ന സമയത്ത് അതിന്റെ നിർമാതാവ് ചെന്ന് ലാലിനെ കണ്ടിട്ട് പറഞ്ഞു, സിബി മലയിലിനെ മാറ്റണമെന്ന്. കാരണം അതിന് മുമ്പുള്ള എന്റെ ഏതോ സിനിമ ഓടാതിരുന്നിരുന്നു.
വേറൊരു സംവിധായകനെ വെച്ച് ചെയ്യാനായിരുന്നു അയാൾ ആവശ്യപ്പെട്ടത്. ലാൽ എന്നെ വിളിച്ചിട്ട് കാര്യം പറഞ്ഞു, ആ നിർമാതാവ് ഇങ്ങനെ പറയുന്നുണ്ട്, പക്ഷെ ഞാൻ ഇത് സിബിക്കുള്ള ഡേറ്റ് ആണെന്ന് പറഞ്ഞിട്ടുണ്ട് , സിബിക്ക് ഇഷ്ടമുള്ള നിർമാതാവിന് വേണ്ടി സിനിമ ചെയ്തോളൂവെന്ന് ലാൽ പറഞ്ഞു.
ഞാൻ രഞ്ജിത്തിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. ഞാൻ കൺഫ്യൂഷനിലാണെന്ന് പറഞ്ഞപ്പോൾ രഞ്ജിത്ത് എന്നോട് ഒരു മണിക്കൂർ സമയം തരുമോയെന്ന് ചോദിച്ചു. ഞാൻ കരുതി ഏതെങ്കിലും നിർമാതാവിനോട് സംസാരിക്കാനായിരിക്കുമെന്ന്. ഒരു മണിക്കൂർ കഴിഞ്ഞ് രഞ്ജിത്ത് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാനും ഷാജി കൈലാസും കൂടെ അത് നിർമിക്കാമെന്ന്. എനിക്ക് നോ പറയേണ്ട ആവശ്യമില്ലല്ലോ.
അന്നെന്റെ ഒരു സഹ സംവിധായകൻ പറഞ്ഞിരുന്നു, ഈ സിനിമ ശരിക്കും സാർ നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടതാണെന്ന്. ഞാൻ പറഞ്ഞു ശരിയാണെന്ന്. കാരണം ഷാജിക്ക് എന്നെക്കാൾ നന്നായി ആ ചിത്രം ചെയ്യാൻ കഴിയും. ചില സീനുകളൊക്കെ ഷാജിയാണ് ഷൂട്ട് ചെയ്തത്,’സിബി മലയിൽ പറഞ്ഞു.
Content Highlight: Sibi Malayil Says That They First Approch Manju Warrior For Usthad Movie