'സുജാതയ്ക്കുള്ള ദേശീയ അവാർഡ് അട്ടിമറിച്ച് ശ്രേയ ഘോഷാലിന് നൽകി'; വെളിപ്പെടുത്തലുമായി ജൂറി അംഗമായിരുന്ന സിബിമലയിൽ
Entertainment
'സുജാതയ്ക്കുള്ള ദേശീയ അവാർഡ് അട്ടിമറിച്ച് ശ്രേയ ഘോഷാലിന് നൽകി'; വെളിപ്പെടുത്തലുമായി ജൂറി അംഗമായിരുന്ന സിബിമലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 11:06 am

തൃശൂർ: സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ബാഹ്യ ഇടപെടലുകളിലൂടെ അട്ടിമറിച്ചെന്ന് സംവിധായകൻ സിബി മലയിൽ.

പരദേശി എന്ന ചലച്ചിത്രത്തിലെ സുജാത ആലപിച്ച ‘തട്ടം പിടിച്ച് വലിക്കല്ലേ..’ എന്ന ഗാനത്തിന് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചിട്ടും പിന്നീട് വിധി നിർണയം അട്ടിമറിക്കപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. പി. ടി. കലയും കാലവും’ എന്ന പേരിൽ സംവിധായകൻ പി. ടി കുഞ്ഞിമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ ആ ജൂറിയിൽ ഉണ്ടായിരുന്ന മലയാളികൾ ഞാനും ഛായഗ്രാഹകൻ സണ്ണി ജോസഫുമായിരുന്നു. സംവിധായകൻ, ഗാനരചന, ചമയം, ഗായിക എന്നിവയിൽ പരദേശിക്ക് അവാർഡ് കിട്ടണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹവും അതിനായി വാദിക്കുകയും ചെയ്തിരുന്നു. മികച്ച ഗായികയ്ക്കുള്ള അവാർഡ് സുജാതയ്ക്ക് സമിതി തീരുമാനിച്ചു എഴുതിയതായിരുന്നു.

എന്നാൽ, ഉച്ചഭക്ഷണത്തിനെന്ന പോലെ അവിടെയെത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ഏത് ഗായികയ്ക്കാണ് അവാർഡ് എന്ന് ചോദിച്ചു. സുജാതയുടെ പേര് പറഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു.

അദ്ദേഹം പിന്നീട് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തുന്നതിൽ മുൻകൈയെടുക്കുകയായിരുന്നു. കാലം കുറെ ആയതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്. ജൂറിക്ക്‌ രഹസ്യസ്വഭാവം ഉണ്ടായിരുന്നു.

മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരുഖ് ഖാന് കൊടുത്തൂടെയെന്നും അങ്ങനെയെങ്കിൽ അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നും അന്ന് ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമ പ്രവർത്തകർ അവാർഡ് കരസ്ഥമാക്കുന്നത് വലിയസംഭവമാണ്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Says Sujata’s National Award was Overturned