ആരുടേയും സഹായത്തോടെയല്ല ഞങ്ങള്‍ സി.പി.ഐ.എം ഓഫീസുകള്‍ തിരിച്ചുപിടിച്ചത്; 160ഓളം ഓഫീസുകള്‍ തിരിച്ചുപിടിച്ചത് പാര്‍ട്ടി ഒറ്റയ്‌ക്കെന്ന് സുജന്‍ ചക്രബര്‍ത്തി
India
ആരുടേയും സഹായത്തോടെയല്ല ഞങ്ങള്‍ സി.പി.ഐ.എം ഓഫീസുകള്‍ തിരിച്ചുപിടിച്ചത്; 160ഓളം ഓഫീസുകള്‍ തിരിച്ചുപിടിച്ചത് പാര്‍ട്ടി ഒറ്റയ്‌ക്കെന്ന് സുജന്‍ ചക്രബര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 9:31 am

 

കൊല്‍ക്കത്ത: ബി.ജെ.പിയുടെ സഹായത്തോടെയാണ് പശ്ചിമബംഗാളില്‍ സി.പി.ഐ.എം ഓഫീസുകള്‍ തിരിച്ചുപിടിച്ചതെന്ന പ്രചരണം തള്ളി സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി. ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് ബി.ജെ.പി വ്യാജ പ്രചരണം നടത്തുകയാണെന്നാണ് സുജന്‍ ചക്രബര്‍ത്തി പറയുന്നത്.

‘സംസ്ഥാനമെമ്പാടും ഞങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറന്നുവെന്നത് ശരിയാണ്. ഒരു പാര്‍ട്ടിയുടെയും സഹായമില്ലാതെയാണ് ഞങ്ങള്‍ ഇത് ചെയ്തത്. ബി.ജെ.പി തങ്ങളെ സഹായിക്കുന്നുണ്ടെന്ന് അവര്‍ വ്യാജ പ്രചരണം നടത്തുകയാണ്. ബി.ജെ.പി ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങള്‍ തെറ്റാണ്.’ ചക്രബര്‍ത്തി പറഞ്ഞു.

കൂച്ഛ് ബിഹാറിലാണ് പാര്‍ട്ടി ഏറ്റവുമധികം ഓഫീസുകള്‍ തുറന്നതെന്നും ചക്രബര്‍ത്തി പറഞ്ഞു. ‘ കിഴക്കന്‍ മിഡ്‌നാപൂരിലെ മഹിഷണ്ഡലില്‍ ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. ഈ മേഖലയില്‍ തൃണമൂല്‍ എം.പി ദേവിനായിരുന്നു സ്വാധീനം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ ഞങ്ങള്‍ക്ക് കൈമാറി. എന്നിരുന്നാലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുബേന്ദു അധികാരി ചൊവ്വാഴ്ച അവിടെ വരികയും ഓഫീസ് തിരിച്ചുപിടിക്കുകയും ചെയ്തു.’ അദ്ദേഹം പറയുന്നു.

കൂച്ഛ് ബിഹാറിലെ ദിന്‍ഹാട്ടയിലെ നിഗംനഗറിലും ബെട്ടാഗുരിയിലും പില്‍ഖാനയിലും സി.പി.ഐ.എമ്മിന് അവരുടെ പാര്‍ട്ടി ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നന്ദീഗ്രാമില്‍ ഇടംനേടാന്‍ സി.പി.ഐ.എമ്മിനു കഴിഞ്ഞുവെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 2007ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു തീയിട്ടതിനു പിന്നാലെ ഇവിടുത്തെ ഓഫീസ് സി.പി.ഐ.എം അടച്ചുപൂട്ടിയിരുന്നു.

‘നന്ദീഗ്രാമിലെ ഞങ്ങളുടെ പ്രധാന ഓഫീസ് സുകുമാര്‍ സെന്‍ ഗുപ്ത ഭവന്‍ വീണ്ടും തുറക്കാനായതില്‍ സന്തോഷമുണ്ട്.’ സി.പി.ഐ.എം എം.എല്‍.എ ഷെയ്ക്ക് ഇബ്രാഹിം അലി പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബംഗാളിലെ രാഷ്ട്രീയ ഗതി മാറ്റിയെന്നും സി.പി.ഐ.എം അടിസ്ഥാന തലം മുതല്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.