ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ
Kerala News
ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 11:57 am

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സി.ബി.ഐക്ക് വിട്ട സിംഗിംള്‍ ബെഞ്ച് വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച്് താത്ക്കാലിക സ്‌റ്റേ നല്‍കിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സര്‍ക്കാറിനായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.


Also Read ഈ ബജറ്റ് വിഹിതം വെച്ച് സൈന്യത്തിന് മുന്നോട്ടുപോകാനാവില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് കരസേനാ വിഭാഗം വൈസ് ചീഫ്


കൊലപാതകത്തില്‍ പൊലീസ് അന്വേഷണം കൃത്യമായ രീതിയില്‍ പുരോഗമിക്കവേ സംഭവം നടന്ന് 22 ാം ദിവസം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഹരജി നല്‍കിയത്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ പോലും കോടതി അവസരം നല്‍കിയില്ലെന്നും പത്രവാര്‍ത്തകളും എഫ്.ഐ.ആറും മാത്രം നോക്കിയാണോ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.

കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 27 ന് അഷ്‌കര്‍ എന്ന പ്രതിയേയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയേയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെ കുറിച്ച് തുമ്പ് ലഭിച്ചത്. കേസ് ഡയറിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെങ്കിലും കേസ് ഡയറിപോലും കോടതി പരിശോധിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.