Football
യുണൈറ്റഡിനായി ഒരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് നേടണം; റെക്കോര്‍ഡുകളുടെ നടുവിലും റൊണോള്‍ഡോ കാണുന്ന സ്വപ്‌നമിതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 15, 10:29 am
Tuesday, 15th March 2022, 3:59 pm

ഇഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പാറിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന്റെ വിജയം നേടിയ മത്സരത്തില്‍ ഹാട്രിക്ക് കരസ്ഥക്കിയ ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണോള്‍ഡോ. അതോടൊപ്പം തന്നെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ക്രിസ്റ്റ്യാനോ റാണോള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ തന്റെ പേരിലാക്കിയിരുന്നു.

ഇപ്പോഴിതാ ചാമ്പ്യന്‍സ് ലീഗിന്റെ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുമ്പോള്‍ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നേടുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് തുറന്നുപറയുകയാണ് റാണോള്‍ഡോ.

കഴിഞ്ഞ ഹോം മത്സരത്തില്‍ കണ്ട അത്ഭുതകരമായ അന്തരീക്ഷം ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ പുനസൃഷ്ടിക്കാം എന്ന ആത്മവിശ്വവും ക്രിസ്റ്റ്യാനോ പ്രകടിപ്പിക്കുന്നുണ്ട്.

‘എല്ലാവരും കാത്തിരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ചൊവ്വാഴ്ച. നമ്മുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം സജീവമാക്കാം. ഓള്‍ഡ് ട്രാഫോര്‍ഡിന്റെ കരുത്ത് ലോകത്തെ കാണിക്കാനുള്ള അവസരമാണിത്. വി ആര്‍ യുണൈറ്റഡ്. നമുക്കൊരുമിച്ചു നീങ്ങാം. ചെകുത്താന്‍മാര്‍..,’ മത്സരത്തിന് മുന്നോടിയായി റൊണോള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു.

അത്‌ലറ്റികോയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരം ഒരു ഗോള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഏവേ ഗോളിന്റെയും സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെയും ആനുകൂല്യം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ടാകും. ആദ്യ പാദത്തില്‍ പുറത്തിരുന്ന ക്രിസ്റ്റ്യാനോയും ടീമിനൊപ്പം ചേരുന്നുണ്ട്.

എന്നാല്‍ പരിക്കേറ്റ ലൂയിസ് സുവാരസിനെ ഉള്‍പ്പെടുത്തിയാണ് അത്‌ലറ്റികോ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. സുവാരസ് ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അയാക്‌സും ബെന്‍ഫിക്കയും ഏറ്റമുട്ടും. ആദ്യ പാദത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയിരുന്നു.

അതേസമയം, ടോട്ടനമിനെതിരെ റൊണാള്‍ഡോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805ആമെത്തെയും 806ആമെത്തെയും 807ആമെത്തെയും ഗോളുകളായിരുന്നു.

805 ഗോളുകള്‍ നേടിയ ഓസ്ട്രിയന്‍ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തത്.

Content Highlights:  Should win Champions League once again for United; This is the dream that Ronaldo sees in the midst of records