ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അനുമതി തേടണം: ഗവര്‍ണറോട് ആവശ്യപ്പെട്ട് പ്രതിപക്ഷം
Kerala News
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അനുമതി തേടണം: ഗവര്‍ണറോട് ആവശ്യപ്പെട്ട് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th January 2022, 1:24 pm

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട നിയമപരമായ വിശദാംശം ഗവര്‍ണര്‍ക്ക് നല്‍കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി പോകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു നിയമം വരുമ്പോള്‍ പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ട്. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നിയമമന്ത്രി നല്‍കിയ മറുപടി അടിസ്ഥാന രഹിതമാണ്. ലോകായുക്തയുടെ പല്ലും നഖവും ഭേദഗതിയാണ് കൊണ്ടുവരുന്നത്,’ വി.ഡി. സതീശന്‍ പറയുന്നു.

ഇ.കെ. നായനാര്‍ സര്‍ക്കാര്‍ 1999ല്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ പറയുന്നത് വിചിത്രമാണെന്നും ഇ.കെ. നായനാരേയും ഇ. ചന്ദ്രശേഖരന്‍ നായരേയും അപമാനിക്കുന്നതിന് തുല്ല്യമാണ് സര്‍ക്കാറിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു കോടതിയും ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. നിയമസഭ നിയമം പാസാക്കിയാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റാര്‍ക്കും പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന സര്‍ക്കാറിന്റെ വാദം സുപ്രീംകോടതി വിധിക്കെതിരാണ്. സര്‍ക്കാറിന്റെ വാദം ദുര്‍ബലമാണ്. ഇതെല്ലാം തെറ്റാണെന്ന് പറയുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ആര്‍. ബിന്ദുവിനുമെതിരെ കേസ് വന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

നിയമസഭ ചേരാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്.

ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു.


Content Highlights: Should seeks President’s approval before signing Lokayukta ordinance opposition leaders to the governor