Kerala News
സനാതന ധര്‍മത്തെ വെല്ലുവിളിച്ച കോടിയേരി ഇപ്പോഴില്ല, പിണറായിയെ നോക്കി മറ്റു മുഖ്യമന്ത്രിമാര്‍ ചിരിക്കുന്നു; അധിക്ഷേപ പരാമര്‍ശവുമായി ശോഭ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 03, 03:23 pm
Monday, 3rd February 2025, 8:53 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍.

സനാതന ധര്‍മത്തെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് നമ്മളോടൊപ്പം ഇല്ലെന്നും എന്തൊക്കെ വേദനയാണ് അദ്ദേഹം സഹിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

കമ്മ്യൂണിറ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി, രാജ്യത്തെ ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ മറ്റു മുഖ്യമന്ത്രിമാര്‍ നോക്കി ചിരിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പിന്നാലെ താന്‍ ഉദ്ദേശിച്ചത്, ശബരിമലയെ തകര്‍ക്കാനായി സ്വന്തം ആഭ്യന്തര വകുപ്പിനെയും പൊലീസിന്റെ അധികാരവും ഉപയോഗപ്പെടുത്തിന്റെയും വിശ്വാസമില്ലാത്ത സ്ത്രീകളെ മലചവിട്ടിച്ചതിന്റെയും ബാക്കിപത്രമായി ചിലര്‍ അനുഭവിക്കുന്നുണ്ട് എന്നാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

രോഗത്തെ കളിയാക്കുന്നത് എന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ തുടര്‍ന്നാണ് ബി.ജെ.പി നേതാവ് പ്രസ്താവനയില്‍ മാറ്റം വരുത്തിയത്.

രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെയും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി 10 ദിവസം തികച്ച് ജോണ്‍ ബ്രിട്ടാസ് പണിയെടുത്തിട്ടുണ്ടോയെന്നും പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പിന് വില നല്‍കാത്തയാളാണ് അദ്ദേഹമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇംഗ്ലീഷില്‍ നാലക്ഷരം അറിയാമെന്ന് കരുതി നാട്ടിലിറങ്ങി എന്തും പറയാമെന്ന വ്യാമോഹം ബ്രിട്ടാസിന് വേണ്ട. കമ്മ്യൂണിസ്റ്റ് ആശയം വീട്ടിലും സമൂഹത്തിലും ഒരുപോലെ പുലര്‍ത്തണം. അല്ലാതെ സഖാക്കള്‍ ശബരിമലയില്‍ പോകരുത്, തൊഴണ്ട എന്നാല്‍ തന്റെ മകളുടെ വിവാഹം പള്ളിയില്‍ നടത്തണം എന്ന ചിന്ത പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സനാതന ധര്‍മത്തെയും ഇസ്‌ലാമിക-ക്രൈസ്തവ വിശ്വാസത്തെയും ബ്രിട്ടാസ് വെല്ലുവിളിക്കാന്‍ നിന്നാല്‍ ഒരു വിശ്വാസിയെന്ന നിലയില്‍ പ്രതികരണമുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: Shobha Surendran insults Pinarayi Vijayan and Kodiyeri Balakrishnan