മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെ അപമാനിച്ച രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ശിവസേന. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് ദല്‍ഹി എയിംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിക്കാന്‍ സുശാന്തിന്റെ മരണത്തെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സേന ചൂണ്ടിക്കാട്ടി. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നെന്നും സേന മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.
‘സുശാന്ത് മരിച്ചിട്ട് ഇന്നേക്ക് 110 ദിവസമാകുന്നു. അന്ധരായ ചില പാര്‍ട്ടി ഭക്തര്‍ ഇനി എയിംസിന്റെ റിപ്പോര്‍ട്ടും തള്ളിക്കളയുമോ?’- സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.
മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനും അവരുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും നിരവധി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരെ നായ്ക്കളെ പോലെ കുരച്ചുകൊണ്ടിരുന്ന മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും ഇവിടുത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ശിവസേന ആവശ്യപ്പെട്ടു.
അതേസമയം സുശാന്തിന്റെ മരണം തൂങ്ങിമരണമാണെന്ന് എയിംസ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സി.ബി.ഐക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൂങ്ങിയതിന്റേത് അല്ലാതെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്. എന്നാല്‍ സുശാന്ത് കൊല ചെയ്യപ്പെട്ടതാണെന്ന് ഒരു വിഭാഗം ശക്തിയായി വാദിച്ചു.